തിരുവനന്തപുരം : ഡിസിസി പുനസംഘടനയിലെ പരസ്യ പ്രതികരണത്തിന്‍റെ പേരില്‍ അച്ചടക്ക നടപടി നേരിടുന്ന കെ.പി. അനില്‍കുമാര്‍ കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി. അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നാണ് അനില്‍കുമാറിന്‍റെ വിശദീകരണം.
അച്ചടക്ക ലംഘനം നടത്തിയിട്ടില്ല
പരസ്യ പ്രതികരണത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പാണ് ചാനല്‍ ചര്‍ച്ചയില്‍ താന്‍ പ്രതികരിച്ചത്. വിലക്ക് വന്ന ശേഷം തന്‍റെ ഭാഗത്തുനിന്നും അച്ചടക്ക ലംഘനമുണ്ടായിട്ടില്ലെന്നും അനില്‍കുമാര്‍ വിശദീകരിച്ചു. അതുകൊണ്ടുതന്നെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും അനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
ഡിസിസി പുനസംഘനാ പട്ടിക പുറത്തുവന്നതിന് പിന്നാലെ 14 പേരും ഗ്രൂപ്പുകാരാണെന്നും ഇത് കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്നും അനില്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. സത്യസന്ധതയോ ആത്മാര്‍ഥതയോ ഇല്ലാതെയാണ് നേതാക്കള്‍ ഇടപെടുന്നതെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ ആരോപിച്ചു.
ALSO READ: അച്ചടക്ക ലംഘനം; സസ്‌പെന്‍ഷന്‍ അംഗീകരിക്കില്ലെന്ന് കെപി അനില്‍കുമാര്‍
ഇതിനുപിന്നാലെ അനില്‍കുമാറിനെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സമാന രീതിയില്‍ വിമര്‍ശനം ഉന്നയിച്ച ശിവദാസന്‍ നായരേയും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. എന്നാല്‍ വിശദീകരണം ചോദിക്കാതെയുള്ള സസ്‌പെന്‍ഷന്‍ ജനാധിപത്യപരമല്ലെന്ന വിമര്‍ശനം ഉയര്‍ന്നു. ഇതിനുപിന്നാലെയാണ് വിശദീകരണം നല്‍കാന്‍ കെപിസിസി നേതൃത്വം ആവശ്യപ്പെട്ടത്. ശിവദാസന്‍ നായര്‍ നേരത്തേതന്നെ മറുപടി നല്‍കിയിരുന്നു.