തിരുവനന്തപുരം : ഏറെനാളത്തെ കാത്തിരിപ്പിനുശേഷം കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് പ്രവര്‍ത്തനമാരംഭിക്കുന്നു. വ്യാഴാഴ്‌ച മുതല്‍ കോംപ്ലക്‌സ് തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നാലുലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ 75 കോടി ചെലവില്‍ കെ.ടി.ഡി.എഫ്.സിയാണ് ബസ് ടെര്‍മിനല്‍ കോംപ്ലക്സ് നിര്‍മിച്ചത്.
ആറ് വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ കോംപ്ലക്സ് കെ.ടി.ഡി.എഫ്.സിയും കെഎസ്ആർടിസിയും തമ്മിലുള്ള തർക്കം മൂലം അടഞ്ഞ് കിടക്കുകയായിരുന്നു.
ഇത് പരിഹരിച്ച് ആലിഫ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനത്തിന് കരാർ നൽകിയതായി ആന്‍റണി രാജു അറിയിച്ചു. സര്‍ക്കാരിന്‍റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന ടെര്‍മിനല്‍ കോംപ്ലക്സ് കോഴിക്കോട് നഗരത്തിന്‍റെ മുഖച്ഛായ മാറ്റി വ്യാപാര വാണിജ്യ മേഖലയുടെ വികസനത്തിന് കുതിപ്പേകുമെന്ന് മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് 26ന് വൈകിട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു താക്കോല്‍ കൈമാറി കെട്ടിടം തുറന്ന് കൊടുക്കും.
കെഎസ്ആര്‍ടിസിക്ക് വേണ്ടി എം.ഡി ബിജു പ്രഭാകര്‍ ഐഎഎസും കെ.ടി.ഡി.എഫ്.സിക്ക് വേണ്ടി ഡോ. ബി.അശോക് ഐഎഎസും ആലിഫ് ബില്‍ഡേഴ്‌സും തമ്മില്‍ ധാരാണാപത്രം ഒപ്പിടും.
മടക്കി നല്‍കേണ്ടാത്ത 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും മൂന്നുവര്‍ഷം കൂടുമ്പോള്‍ വാടക ഇനത്തില്‍ 10 ശതമാനം വീതം വര്‍ധനയും എന്ന ഉയര്‍ന്ന നിരക്കിലാണ് ആലിഫ് ബില്‍ഡേഴ്‌സ് 30 വര്‍ഷത്തേയ്ക്ക് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
Also Read: 'കേന്ദ്രനടപടി വന്‍കിടക്കാര്‍ക്ക് വേണ്ടി'; വാഹന പൊളിക്കല്‍ നയത്തോട് വിയോജിച്ച് സര്‍ക്കാര്‍
ടിക്കറ്റേതര വരുമാനത്തിലൂടെ കെഎസ്ആര്‍ടിസിയുടെ നഷ്‌ടം കുറയ്ക്കുകയും ബസ് ടെര്‍മിനലുകള്‍ ആധുനികവത്കരിച്ച് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയത്.