തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിൽ മൂന്ന് നില കെട്ടിടത്തിന് മുകളിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ഹോട്ടലിൽ തീപിടിത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയർ ഫോഴ്സെത്തിയാണ് തീ അണച്ചത്. മുകളിൽ കുടുങ്ങിയ നാല് ജീവനക്കാരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ജനറേറ്ററിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബി ജീവനക്കാൻ ഷാഫിയും സംഘവും കൃത്യമായ ഇടപെടൽ നടത്തിയതിനാല്‍ വലിയ ദുരന്തത്തിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കാനായി.
കെട്ടിടത്തിന് മുകളിൽ നിന്ന് തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കെഎസ്ഇബി ജീവനക്കാരാണ് തീ ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ കെഎസ്ഇബി ജീവനക്കാരുടെ കൈവശം ഉണ്ടായിരുന്ന വടം ഉപയോഗിച്ച് തൊഴിലാളികളെ താഴെ ഇറക്കി .
നഗരത്തിലെ വിവിധ ഫയർഫോഴ്‌സ് കേന്ദ്രങ്ങളിൽ നിന്നായി ആറ് യൂണിറ്റുകൾ എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. കൃത്യ സമയത്ത് തീ അണയ്ക്കാനായതിനാൽ മറ്റു കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല. വികെ പ്രശാന്ത് എംഎൽഎ അടക്കമുള്ളവർ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.