തിരുവനന്തപുരം: പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. എന്നാൽ വിതരണം എന്ന് മുതലാണെന്നുള്ളതിൽ വ്യക്തതയില്ല. ഇന്ന് വൈകുന്നേരം നാല് മണി മുതൽ കൊവിൻ ആപ്പിലൂടെ രജിസ്റ്റർ ചെയ്യാം. 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിന്‍ നല്‍കുന്നതിന് കേരളത്തിനടക്കം അധിക ഡോസ് വാക്‌സിന്‍ ആവശ്യമാണ്. എന്നാൽ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന വാക്‌സിന്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് നല്‍കാന്‍ കഴിയുക.
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മാത്രമാണ് 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല. മെയ് 15ന് ശേഷം മാത്രമേ വാക്‌സിന്‍ നല്‍കാന്‍ കഴിയുകയുള്ളൂവെന്നാണ് വാക്‌സിന്‍ നിർമാണ കമ്പനികളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച മറുപടി.
സ്വകാര്യ സംവിധാനത്തില്‍ നിന്നുള്ള വാക്‌സിന്‍ വിതരണത്തിന്‍റെ മാനദണ്ഡവും ഇതുവരെ വ്യക്തമായിട്ടില്ല. കേരളത്തില്‍ വാക്‌സിന്‍ സൗജന്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് ലഭ്യമാക്കുന്നതിന് മുന്‍ഗണന ക്രമം അടക്കം തീരുമാനിക്കേണ്ടതുണ്ട്. അതിനാൽ 18 വയസിന് മുകളിലുള്ളവർക്ക് മെയ് ഒന്ന് മുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാകില്ല.