തിരുവനന്തപുരം: കൊവിഡ് നിയന്തണങ്ങൾ നിലനിൽക്കെ റോഡിൽ കൂട്ടംകൂടി നിന്നതിനെ ചോദ്യം ചെയ്‌ത എസ് ഐക്കെതിരെ നടപടിക്ക് ശ്രമം. പാറശാല എസ് ഐ ശ്രീലാലിനും കണ്ടാലറിയാവുന്ന നാല് പൊലീസുകാർക്കുമെതിരെയാണ് കേസെടുക്കാൻ നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി പാറശാല ഇഞ്ചിവിളയിൽ കൂട്ടംകൂടി നിന്ന ആളുകളോട് വീട്ടിലേക്ക് പോകാൻ പൊലീസ് നിർദേശിച്ചു. എന്നാൽ പൊലീസ് അസഭ്യ വർഷം നടത്തിയ ശേഷം വിരട്ടിയോടിച്ചുവെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആരോപണം. ഇതിന് ശേഷം ഇവർ പാറശാല ആശുപത്രിയിൽ അഡ്‌മിറ്റ് ആവുകയും പൊലീസ് മർദിച്ചെന്ന് എസ്ഐക്കെതിരെ പരാതി നൽകുകയുമായിരുന്നു.
കഴിഞ്ഞ പുതുവർഷ രാത്രിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെട്ട സംഘം യുവാവിനെ ഓട്ടോറിക്ഷയിൽ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ എസ്.ഐക്കെതിരെ ഭീഷണി നിലനിന്നിരുന്നു. ഇതിന്‍റെ പകപോക്കലാണ് ഇപ്പോൾ എസ് ഐയ്‌ക്കെതിരായ പുതിയ പരാതിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. അതേസമയം കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഡിവൈഎഫ്ഐ പ്രവർത്തകൻ ശ്രീജിത്ത് ഉൾപ്പെടെയുള്ള പത്തോളം പേർക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. ഇതിൽ പുതുവത്സരത്തിൽ യുവാവിനെ ഓട്ടോറിക്ഷ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും ഉൾപ്പെട്ടിട്ടുണ്ട്.