തിരുവനന്തപുരം : കോവളത്ത് വിദേശിയെ പുതുവത്സര ദിനത്തില്‍ അവഹേളിച്ച സംഭവത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത. സംഭവവുമായി ബന്ധപ്പെട്ട് കോവളം സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടി.കെ ഷാജിയെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. കൂടാതെ സംഭവസ്ഥലത്തുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ എസ്.ഐ അനീഷ്‌കുമാര്‍, സീനിയര്‍ സി.പി.ഒ സജിത്, സി.പി.ഒ മനേഷ് എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക്, കമ്മിഷണര്‍ സ്‌പര്‍ജന്‍ കുമാര്‍ നിര്‍ദേശം നല്‍കി. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.
READ MORE: 'പൊലീസിനെതിരെ പരാതിയില്ല, അവര്‍ സുഹൃത്തുക്കള്‍'; മദ്യം ഒഴിച്ചുകളഞ്ഞ സംഭവത്തില്‍ സ്വീഡിഷ് പൗരന്‍
കോവളത്ത് വര്‍ഷങ്ങളായി ഹോം സ്‌റ്റേ നടത്തുന്ന സ്വീഡന്‍ സ്വദേശി സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെയാണ് ന്യൂ ഇയര്‍ ദിനത്തില്‍ പൊലീസ് അപമാനിച്ചത്. തൊട്ടടുത്തുള്ള വെള്ളാര്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന് മൂന്ന് കുപ്പി മദ്യവുമായി സ്‌കൂട്ടറില്‍ വരികയായിരുന്ന ഇദ്ദേഹത്തോട് അവിടെ പരിശോധന നടത്തുകയായിരുന്ന കോവളം പൊലീസ് ബില്‍ ആവശ്യപ്പെട്ടു. ബില്ലില്ലെന്ന് സ്റ്റീഫന്‍ അറിയിച്ചതോടെ,മദ്യം കളയാന്‍ പൊലീസ് ആവശ്യപ്പെട്ടു.
പൊലീസ് ഇതില്‍ നിര്‍ബന്ധം പിടിച്ചതോടെ പ്ലാസ്റ്റിക് പുറത്തെറിയുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റീഫന്‍ മദ്യം ഒഴുക്കിക്കളയുകയായിരുന്നു. പിന്നീട് വില്‍പ്പന ശാലയിലെത്തി ബില്‍ വാങ്ങി നല്‍കിയ ശേഷമാണ് ഇദ്ദേഹത്തെ പോകാന്‍ പൊലീസ് അനുവദിച്ചത്. ഈ സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.