തിരുവനന്തപുരം: കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നും മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠേശ്വരത്തെയും തിരുവല്ലത്തെയും കാർ വാഷ് സെന്‍ററുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. എന്നാൽ, പരിശോധനയും ചോദ്യം ചെയ്യലും കുട്ടിയെ തട്ടിക്കൊണ്ടുപോയ വിഷയവുമായി ബന്ധപ്പെട്ടാണോ എന്ന കാര്യത്തില്‍ ഇതുവരെ പൊലീസിന്‍റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷ് സെന്‍ററില്‍ പൊലീസ് നടത്തിയ പരിശോധനയിൽ 500 രൂപയുടെ 19 കെട്ടുകള്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ കാർ വാഷിൽ നിന്ന് കണ്ടെത്തിയെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ശ്രീകാര്യം സ്വദേശിയായ ഒരാളെ പൊലീസ് ചോദ്യം ചെയ്‌തത്. തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീകണ്‌ഠേശ്വരത്ത് എത്തുകയും മറ്റ് രണ്ട് പേരെ ചോദ്യം ചെയ്യുകയുമായിരുന്നു.
ഇവരുടെ പക്കല്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്‍ വാഷ് സെന്‍ററുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. തിരുവല്ലത്തെ കാര്‍ വാഷില്‍ ഇപ്പോഴും പൊലീസ് സംഘം പരിശോധന നടത്തി വരികയാണ്.