തിരുവനന്തപുരം: പിണറായി എന്ന കാര്‍ക്കശ്യക്കാരനില്‍ നിന്ന് കോടിയേരി എന്ന സൗമ്യതയിലേക്ക് പാര്‍ട്ടി സെക്രട്ടറി പദത്തിന്‍റെ മാറ്റമാണ് 2015ലെ ആലപ്പുഴ സി.പി.എം സംസ്ഥാന സമ്മേളനം കണ്ടത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സമ്മേളനം ബഹിഷ്‌കരിച്ചതിന്‍റെ നിരാശയിലായ പാര്‍ട്ടി അണികളെ കോടിയേരിയുടെ സ്ഥാനാരോഹണം ആഹ്ളാദത്തിലാക്കി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്നോടിയായി പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുമ്പോള്‍ പകരമാരെന്നതിന് രണ്ടാമതൊരാലോചന കോടിയേരിയുടെ കാര്യത്തിലുണ്ടായില്ല. 2018ൽ നടന്ന തൃശൂര്‍ സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തുടര്‍ന്നു. 2021ലെ പാര്‍ട്ടി സംസ്ഥാന സമ്മേളനം വരെ കോടിയേരിക്കു കാലാവധിയുണ്ടെങ്കിലും പുത്ര വിവാദങ്ങളില്‍ തട്ടി കോടിയേരിക്ക് അപ്രതീക്ഷിതമായാണ് എ.കെ.ജി സെന്‍ററിന്‍റെ പടിയിറങ്ങേണ്ടി വരുന്നത്.
വ്യക്തി സൗഹൃദങ്ങളില്‍ സൗമ്യനെങ്കിലും സമരമുഖങ്ങളിലെ തീപൊരിയായ കോടിയേരി എസ്.എഫ്.ഐയിലൂടെയാണ് സി.പി.എമ്മിലേക്ക് കടന്നുവരുന്നത്. 1970 ല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും തുടര്‍ന്ന് അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറിയുമായി. അടിയന്തരാവസ്ഥയെ എതിര്‍ത്ത് രംഗത്തു വന്നതിനെ തുടർന്ന് 16 മാസം ജയിൽ വാസം അനുഭവിച്ചു. ജയില്‍ മോചിതനായ കോടിയേരി 1980-ൽ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായി.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ 1982ല്‍ തലശേരിയില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1987, 2001,2006, 2011 വര്‍ഷങ്ങളിലും തലശേരിയില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു. 2006ല്‍ വി.എസ്.അച്യുതാനന്ദന്‍റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന മന്ത്രിസഭയില്‍ ആഭ്യന്തര-ടൂറിസം മന്ത്രിയായി. 2011ല്‍ വി.എസ്.അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ കോടിയേരി പ്രതിപക്ഷ ഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയില്‍ പിണറായി-അച്യുതാനന്ദന്‍ പോര് രൂക്ഷമായ കാലഘട്ടങ്ങളില്‍ പിണറായിയുടെ വിശ്വസ്‌തനായി നിലയുറപ്പിച്ച കോടിയേരി, 2015ല്‍ പിണറായി പാര്‍ട്ടി സെക്രട്ടറി പദമൊഴിഞ്ഞപ്പോള്‍ പിന്‍ഗാമിയായി.
കേരളത്തില്‍ നിന്നുള്ള നാല് പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് കോടിയേരി. 1953 നവംബര്‍ 16ന് കുഞ്ഞുണ്ണിക്കുറുപ്പ്, നാരായണി അമ്മ ദമ്പതികളുടെ മകനായി കോടിയേരിയിലാണ് ജനനം. മുന്‍ എം.എല്‍എ എം.വി.രാജഗോപാലന്‍റെ മകള്‍ എസ്.ആര്‍.വിനോദിനിയാണ് ഭാര്യ.