തിരുവനന്തപുരം: വിമാനത്തിൽ നടന്നത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് കോടിയേരി ബാലകൃഷണൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രസ്‌താവന. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരവാദികളുടെ മാതൃകയിൽ അക്രമത്തിന് കോപ്പുകൂട്ടിയവരെ കർശന നിയമനടപടികൾക്ക് വിധേയമാക്കണമെന്നും ലേഖനത്തിൽ കോടിയേരി ആവശ്യപ്പെടുന്നു.
ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത് വിമാനത്തിൽ കയറിയവർ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയാണ് കുറ്റകൃത്യത്തിനെത്തിയത്. ഇ.പി ജയരാജനും മറ്റും ഒപ്പമുണ്ടായിരുന്നതിലാണ് മുഖ്യമന്ത്രിയെ തൊടാൻ കഴിയാതിരുന്നത്. പഞ്ചാബിലെ ഭിന്ദ്രൻവാല ശൈലിയിലേക്ക് കേരളത്തെ മാറ്റാനാണ് ഇവിടത്തെ കോൺഗ്രസുകാർ ശ്രമിക്കുന്നതെന്നും ലേഖനത്തിൽ കോടിയേരി ആരോപിക്കുന്നു.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം പൊലീസും മറ്റ് ഏജൻസികളും നിർവഹിക്കും. മുഖ്യമന്ത്രിയുടെ ജീവനും സഞ്ചാരസ്വാതന്ത്ര്യത്തിനും തടസമാകുന്ന ഒന്നും അനുവദിക്കാനാകില്ല. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതി ആക്രമിക്കുക എൽഡിഎഫ് പരിപാടിയല്ല. ഇന്ദിരാഭവനെ എൽഡിഎഫുകാർ ആക്രമിച്ചിട്ടില്ലന്നും ലേഖനത്തിൽ കോടിയേരി അവകാശപ്പെടുന്നു.
തെരഞ്ഞെടുപ്പിൽ ജനങ്ങൾ ആവർത്തിച്ച് തോൽപ്പിക്കുന്ന ബിജെപിക്ക് വളരാൻ എൽഡിഎഫ് സർക്കാർ ഇല്ലാതാകണമെന്ന ചിന്തയിൽനിന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതിയെക്കൂടി ഉൾപ്പെടുത്തി ഗൂഢാലോചന നടത്തി രാഷ്ട്രീയ ആയുധം തീർക്കാൻ നോക്കുന്നത്. മോദി ഭരണക്കാർ നീട്ടിക്കൊടുത്ത കറുത്ത കൊടിയുമായി കോൺഗ്രസും യുഡിഎഫും എൽഡിഎഫ് സർക്കാരിനെതിരെ രാഷ്ട്രീയക്കളിക്ക് ഇറങ്ങിയിരിക്കുകയാണ്. പക്ഷേ, വിമോചനസമരത്തിന്‍റെ കാലം കഴിഞ്ഞെന്ന് ബിജെപി-കോൺഗ്രസ് പ്രതിപക്ഷമുന്നണികൾ മറക്കണ്ടെന്നും ദേശാഭിമാനി ലേഖനത്തിൽ കോടിയേരി വ്യക്തമാക്കുന്നു.