തിരുവനന്തപുരം: യു.ഡി.എഫ് പുറത്താക്കിയാലും കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം വഴിയാധാരമാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വേണ്ടെന്ന് വെച്ചവർക്ക് ഇപ്പോൾ വേണ്ടവനായി ജോസ് കെ. മാണി മാറി. പടിയടച്ച് പിണ്ഡം വെച്ചവർ ഇപ്പോൾ പിന്നാലെ പോകുകയാണ്. ജോസ് കെ. മാണിയേയും പി.ജെ ജോസഫിനേയും കൊണ്ട് യു.ഡി.എഫ് മുന്നോട്ട് പോകില്ല. ജോസ് കെ. മാണി രാഷ്‌ട്രീയ നിലപാട് എടുത്ത ശേഷം ഇടതുമുന്നണി വിഷയം ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന് ഇക്കാര്യത്തിൽ നിഷേധാത്മക നിലപാടില്ല. ജോസ് കെ. മാണിയുടെ യു.ഡി.എഫ് വിരുദ്ധ സമീപനത്തിന് തെളിവാണ് അവിശ്വാസത്തെ എതിർത്തത്. ഇത് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ സി.പി.ഐക്ക് അവരുടെ അഭിപ്രായമുണ്ടാകും. എന്നാൽ യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന തീരുമാനങ്ങൾ ഒരുമിച്ചെടുത്ത് മുന്നോട്ട് പോകുമെന്നും കോടിയേരി വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമാണ്. ഇതിനുള്ള പ്രവർത്തനങ്ങൾ മുന്നണി ആരംഭിച്ചു കഴിഞ്ഞു. കുട്ടനാട്ടിലും, ചവറയിലും ഇടതുമുന്നണി വിജയിക്കുമെന്നും കോടിയേരി വ്യക്തമാക്കി.