തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം നിര്‍ഭാഗ്യകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. അന്വേഷണ സംഘത്തിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന ഒരു നടപടികളും സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും എസ്എഫ്‌ഐ തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നും കോടിയേരി പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഖിലിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
സിപിഎമ്മുകാരും അല്ലാത്തവരും എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനം പോഷക സംഘടനക്ക് മേല്‍ അടിച്ചേല്‍പ്പിക്കാറില്ല. എസ്എഫ്‌ഐ നേതൃത്വത്തിന്‍റെ ഭാഗത്ത് ഈ വിഷയത്തില്‍ നിന്നും ആവശ്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ല. അതേ സമയം യൂണിറ്റ് കമ്മിറ്റി ഓഫീസില്‍ നിന്ന് കഠാരയും മദ്യക്കുപ്പിയും കണ്ടെടുത്തതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിവേഴ്‌സിറ്റി കോളജ് മാറ്റണമെന്ന് നേരത്തേയും രാഷ്ട്രീയ ശത്രുക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അതിനുള്ള ഉപകരണമായി അവിടുത്തെ നേതാക്കള്‍ മാറാനോ, അതിനുള്ള അവസരം ശത്രുക്കള്‍ക്ക് നല്‍കാനോ പാടില്ല. മട്ടന്നൂര്‍ കോളജില്‍ പണ്ട് കെഎസ്‌യുക്കാര്‍ മാഗസിന്‍ എഡിറ്ററെ കൊലപ്പെടുത്തിയപ്പോള്‍ അതിന്‍റെ പേരില്‍ മട്ടന്നൂര്‍ കോളജ് മാറ്റി സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
അതേസമയം കോടിയേരി ബാലകൃഷ്ണന്‍ എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയെന്ന് അഖിലിന്‍റെ അച്ഛന്‍ ചന്ദ്രന്‍ സന്ദര്‍ശനത്തിന് ശേഷം പ്രതികരിച്ചു. പ്രതികളെ സംരക്ഷിക്കുന്ന ഒരു നിലപാടും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് കോടിയേരി ഉറപ്പ് നല്‍കി. മകനെ കുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണം. പ്രതികളെ ഉടനെ പിടികൂടുമെന്നാണ് കരുതുന്നതെന്നും ചന്ദ്രന്‍ പ്രതികരിച്ചു.