തിരുവനന്തപുരം: കൊച്ചിയിൽ സിപിഐ നേതാക്കൾക്ക് പൊലീസ് മർദനമേറ്റ സംഭവം ദൗർഭാഗ്യകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സിപിഎമ്മും സിപിഐയും വളരെ സൗഹൃദമായി പ്രവർത്തിക്കുന്ന കക്ഷികളാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. സിപിഐ പ്രവർത്തകർക്കുണ്ടായ പ്രയാസത്തില്‍ വേദനയുണ്ടെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി ഇന്നലെ തന്നെ പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. കലക്‌റോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് യഥാർഥ വസ്‌തുതയെന്ന് മനസിലാക്കി തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. കലക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷം സർക്കാരിന്‍റെ ഭാഗത്ത് നിന്നും തുടർ നടപടിയുണ്ടാകും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. സിപിഐയുമായും ചര്‍ച്ച നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.
എസ്‌എഫ്‌ഐയും എഐഎസ്‌എഫും സഹോദര സംഘടനകളാണ്. അതുകൊണ്ട് തന്നെ തർക്കങ്ങൾ ഉണ്ടാക്കുകയെന്ന സമീപനമല്ല സ്വീകരിക്കേണ്ടത്. ചില സ്ഥലങ്ങളിൽ എസ്‌എഫ്‌ഐയും എഐഎസ്‌എഫും തമ്മിലുള്ള പ്രശ്‌നങ്ങൾ അതത് സംഘടനാ നേതാക്കളുമായി സംസാരിച്ച്, പരിഹരിക്കാനുള്ള ഇടപെടൽ നടത്തുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.