തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണന്‍ മടങ്ങിയെത്തുന്നു. അവധി കാലാവധി നാളെ (11.11.21) അവസാനിക്കുന്ന സാഹചര്യത്തില്‍ കോടിയsരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. ഒരു വര്‍ഷം മുന്‍പാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം താല്‍കാലികമായി ഒഴിഞ്ഞത്.
അനാരോഗ്യവും അര്‍ബുദ രോഗത്തിനുള്ള ചികിത്സയുമായിരുന്നു അവധി അപേക്ഷയില്‍ കാരണമായി ചൂണ്ടികാണിച്ചിരുന്നത്. ഇത് അംഗീകരിച്ച സിപിഎം, സംസ്ഥാന സെക്രട്ടറിയുടെ പകരം ചുമതല എ.വിജയരാഘവന് നല്‍കി. കഴിഞ്ഞ വര്‍ഷം നവംബര്‍ 13നാണ് കോടിയേരി ബാലകൃഷ്‌ണന്‍ അവധി അപേക്ഷ നല്‍കിയത്.
മകന്‍ ബിനീഷ് കോടിയേരിയെ ബംഗളൂരു മയക്ക് മരുന്ന് കേസിലെ കള്ളപണ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അറസ്‌റ്റ് ചെയതതിനു പിന്നാലയായിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയാൻ സന്നദ്ധനായത്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലടക്കം ബിനീഷ് കോടിയേരി വിഷയം പ്രതിപക്ഷത്തിന് പ്രചാരണ ആയുധമാകാതിരിക്കാനായിരുന്നു ഈ തന്ത്രപരമായ മാറി നില്‍ക്കല്‍.
വ്യക്തിപരമായ കേസായതിനാല്‍ കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നില്‍ക്കേണ്ട കാര്യമില്ല എന്നായിരുന്നു ബിനീഷ് അറസ്‌റ്റിലായിതിനു പിന്നാലെ സിപിഎം പ്രതികരണം.
തെരഞ്ഞെടുപ്പ് വിഷയത്തില്‍ അനാവശ്യമായ വിവാദമൊഴിവാക്കാനായിരുന്നു മാറി നില്‍ക്കാനുള്ള കോടിയേരിയുടെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ അനുകൂലമായ സാഹചര്യമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഭരണ തുടര്‍ച്ചയെന്ന നിര്‍ണായക നേട്ടത്തിനൊപ്പം മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം കൂടി ലഭിച്ച സാഹചര്യത്തില്‍ അവധി കാലാവധി കഴിയുന്ന മുറയ്ക്ക് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി മടങ്ങിയെത്തണമെന്നാണ് പാര്‍ട്ടി തീരുമാനം.
ALSO READ: മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കി
2015- ല്‍ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായത്. 2018- ല്‍ തൃശൂരില്‍ കോടിയേരി തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാകും കോടിയേരിയുടെ മടങ്ങിവരവ് തീരുമാനിക്കുക.