ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടര്‍ന്നാല്‍ 2 ആഴ്‌ച കൊണ്ട് ആശുപത്രി വിടാന്‍ ആകുമെന്നുമാണ് കണക്കുകൂട്ടല്‍. അതീവ ഗുരുതരാവസ്ഥയിലായിരുന്നു കോടിയേരിയെ അപ്പോളോ ആശുപത്രിയിലെത്തിച്ചത്.
അണുബാധയ്ക്കടക്കം സാധ്യതയുളളതിനാല്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ് ചികിത്സയ്ക്കിടയില്‍ കോടിയേരിയെ കണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തുടങ്ങി നിരവധി നേതാക്കള്‍ ചെന്നൈയിലെത്തിയിരുന്നെങ്കിലും കോടിയേരിയെ കാണാന്‍ ഡോക്‌ടമാര്‍ അനുമതി നല്‍കിയിരുന്നില്ല.
ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും സന്ദര്‍ശകര്‍ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ഭാര്യ വിനോദിനിയും പി.എ എം.കെ റജുവുമാണ് കോടിയേരിക്കൊപ്പം ചെന്നൈയിലുള്ളത്. റജുവാണ് ആരോഗ്യ നില മെച്ചപ്പെട്ട നിലയിലുള്ള കോടിയേരിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.
ഇതിനുപിന്നാലെ ഇടത് പ്രൊഫൈലുകളില്‍ ഈ ചിത്രം വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്. സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി തന്നെ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അതിനുശേഷമാണ് അദ്ദേഹം ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലെത്തിയത്. കോടിയേരിക്ക് പകരം എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി.