തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയുണ്ടായ ഒരു സാധാരണ കുഴല്‍പ്പണക്കേസ്. ഏപ്രിൽ മൂന്നിന് തൃശൂർ ജില്ലയിലെ കൊടകരയ്‌ക്ക് സമീപം ദേശീയപാതയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടിനായി കൊണ്ടുവന്ന 25 ലക്ഷം രൂപ വാഹനം ആക്രമിച്ച് കവര്‍ന്നെന്ന പരാതി ദേശീയ തലത്തില്‍ വരെ ചർച്ചയാണ്. ഏപ്രില്‍ ഏഴിന് കോഴിക്കോട് സ്വദേശിയായ ഷംജീര്‍ ഷംസുദീനാണ് കൊടകര പൊലീസിന് പരാതി നല്‍കിയത്. അന്വേഷണത്തില്‍ മൂന്നര കോടി രൂപയാണ് മോഷണം പോയതെന്ന് തെളിഞ്ഞതോടെ കളിമാറി. അന്വേഷണത്തില്‍ ബിജെപിക്ക് വേണ്ടിയുള്ള ഹവാല പണമായിരുന്നുവെന്ന് സൂചന ലഭിച്ചതോടെ അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീണ്ടു.
Read More: കൊടകര കുഴൽ പണ കേസുമായി ബിജെപിക്ക് ബന്ധമില്ല: കെ.സുരേന്ദ്രൻ
ഏറ്റവും ഒടുവില്‍ പൊലീസ് നല്‍കുന്ന സൂചനയനുസരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍, രാജ്യസഭ എംപിയും തൃശൂര്‍ നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന ചലചിത്ര താരം സുരേഷ് ഗോപി എന്നിവരെയും പൊലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുഴല്‍പണം കര്‍ണാടകത്തില്‍ നിന്നാണ് കൊണ്ടു വന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചത് പണം കടത്താനാണെന്നും മുന്‍ കെപിസിസി പ്രസിഡന്‍റും എംപിയുമായ കെ. മുരളീധരന്‍ ആരോപിച്ചു.
Read more: കൊടകര കുഴല്‍പ്പണ കേസ്, സുരേഷ് ഗോപിക്കെതിരെയും അന്വേഷണം വേണം:പദ്‌മജ വേണുഗോപാല്‍
നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്കുണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല ദേശീയതലത്തില്‍ കള്ളപ്പണത്തിനെതിരെ സന്ധിയില്ല സമരം പ്രഖ്യാപിച്ച ബിജെപിയുടെ കേരള ഘടകം കള്ളപ്പണ ഇടപാടിന്‍റെ ചെളിക്കുണ്ടിലായത് ദേശീയ നേതൃത്വത്തെയും വെട്ടിലാക്കി. പണമിടപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അറിഞ്ഞാണെന്ന ആരോപണവും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇതിനോടകം ഉയര്‍ത്തി കഴിഞ്ഞു. സംഭവത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒന്നരക്കോടി രൂപ കണ്ടെടുക്കുകയും ചെയ്തു. ഇവരില്‍ നിന്നാണ് ബിജെപിക്ക് വേണ്ടിയുള്ള ഹവാല പണമായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്.
Read More: കൊടകര കുഴല്‍പ്പണക്കേസ് : കെ സുരേന്ദ്രന്‍റെ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു
ബിജെപി തൃശൂര്‍ ജില്ല നേതാക്കളുടെ നിര്‍ദേശ പ്രകാരമായിരുന്നു പണം കൊണ്ടുവന്നതെന്ന് പൊലീസിന് വ്യക്തമായതോടെ അന്വേഷണം ഉന്നത ബിജെപി നേതാക്കളിലേക്കും നീളുകയാണ്. കേസന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ്, ജനറല്‍ സെക്രട്ടറി എം. ഗണേഷ് എന്നിവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഹവാല ആരോപണം ഇരുവരും നിഷേധിച്ചു. കുഴല്‍പണ ഇടപാടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ധര്‍മ്മജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും അദ്ദേഹവുമായി സംഘടന കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നുമായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി ഗണേഷിന്‍റെ മൊഴി. എന്നാല്‍ കോഴിക്കോട് മുതല്‍ ഹവാല പണമടങ്ങിയ വാഹനത്തിനൊപ്പം ഗണേഷുണ്ടായിരുന്നുവെന്ന മൊഴിയാണ് ധര്‍മ്മജന്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. ധര്‍മ്മജന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലാ ബിജെപി പ്രസിഡന്‍റ് കെ.കെ.അനീഷ് കുമാറിനെയും പൊലീസ് ചോദ്യം ചെയ്തു. ഇതിനിടെയാണ് കേരളത്തിലെ ആദിവാസി നേതാവായ സി.കെ.ജാനുവിന് വയനാട്ടില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിനെത്തുന്നതിന് 10 ലക്ഷം രൂപ നല്‍കിയതായി ജാനുവിന്‍റെ അനുയായിയായ പ്രസീദയുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഇത് സാധൂകരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ ശബ്ദരേഖയും പ്രസീദ പുറത്തു വിട്ടു.
Read More: കൊടകര കുഴല്‍പ്പണ കേസ് : തൃശൂര്‍ ബിജെപിയില്‍ കലാപം
എന്നാല്‍ ആരോപണങ്ങള്‍ കെ. സുരേന്ദ്രന്‍ നിഷേധിച്ചു. ജാനുവിന് നല്‍കിയ പണവും ഹവാല പണമാണെന്നാണ് ആരോപണം. ഇതിന് പിന്നാലെ സുരേന്ദ്രന്‍റെ സഹായിയെയും ഡ്രൈവറെയും പൊലീസ് ചോദ്യം ചെയ്തു. കേരള-കര്‍ണാടക അതിര്‍ത്തി മണ്ഡലമായ മഞ്ചേശ്വരത്തും പത്തനംതിട്ട ജില്ലയിലെ കോന്നി മണ്ഡലത്തിലുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. രണ്ട് മണ്ഡലങ്ങളിലുമായി പ്രചാരണം നടത്താന്‍ സുരേന്ദ്രന്‍ ഹെലികോപ്ടറാണ് ഉപയോഗിച്ചത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബിജെപി നേതാവ് കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ ഒരേ സമയം മത്സരിക്കുന്നതും പ്രചാരണത്തിന് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതും. എന്നാല്‍ ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ നിന്നെത്തുന്ന ഹവാല പണം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിക്കാനാണ് സുരേന്ദ്രന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചതെന്ന ആരോപണം ശക്തമാണ്. ബിജെപി ദേശീയ നേതൃത്വമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. ഹെലികോപ്ടറില്‍ നിന്നിറങ്ങുന്ന സുരേന്ദ്രന്‍റെ സഹായികള്‍ വലിയ പെട്ടികള്‍ കൊണ്ടു പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
വിജയ സാധ്യത തീരെയില്ലാത്ത സ്ഥാനാര്‍ഥികള്‍ക്ക് പോലും 75 ലക്ഷം രൂപ കുഴല്‍ പണമായി ലഭിച്ചുവെന്നും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര സഹമന്ത്രിയായ വി. മുരളീധരൻ ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടുമില്ല. കള്ളപ്പണത്തിനെതിരെ നോട്ടു നിരോധനം നടപ്പാക്കിയ ബിജെപിയുടെ കേരളത്തിലെ പ്രമുഖ നേതാക്കൾ കള്ളപ്പണക്കേസില്‍ പ്രതിക്കൂട്ടിലായതോടെ ദേശീയ നേതൃത്വവും ഇക്കാര്യത്തില്‍ പ്രതിരോധത്തിലാണ്. കുഴല്‍പ്പണ ഇടപാടില്‍ അനുദിനമുണ്ടാകുന്ന വെളിപ്പെടുത്തലുകൾക്ക് മറുപടി പറയാനില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ ബിജെപി നേതാക്കളും.