തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 1000 ലിറ്റർ കോട എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. നെയ്യാറ്റിൻകര അരങ്കമുകളിലെ വിജനമായ പ്രദേശത്താണ് വ്യാജ വാറ്റിനായി 1000 ലിറ്ററിലധികം വരുന്ന കോട സജ്ജീകരിച്ചിരുന്നത്. തിരുപുറം എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അരങ്കമുകൾ കൊല്ല വിളാകത്ത് വീട്ടിൽ അശോകനെതിരെ എക്സൈസ് സംഘം കേസെടുത്തു.
മുമ്പും വാറ്റു കേസിൽ പ്രതിയായ ഇയാൾ രണ്ടാഴ്ച മുമ്പാണ് ജയിൽമോചിതനായതെന്ന് എക്സൈസ് സംഘം പറഞ്ഞു. പിടിച്ചെടുത്ത കോട നശിപ്പിക്കുകയും, വാറ്റ് ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. സംസ്ഥാനത്ത് മദ്യവില്‍പ്പന നിർത്തലാക്കിയത് മുതൽ വ്യാജ വാറ്റും, ചില്ലറവിൽപ്പനയും നടക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് എക്സൈസ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം കാരക്കുന്നില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവും, പ്രതിയേയും എക്സൈസ് അമരവിള റേഞ്ച് പിടികൂടിയിരുന്നു.