തിരുവനന്തപുരം: രണ്ടാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുമ്പോള്‍ തിരുവനന്തപുരം ഏറ്റവും പ്രതീക്ഷയോടെ കാണുന്നത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെ വികസനമാണ്. റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനവും കൂടുതല്‍ ട്രെയിനുകളുമാണ് യാത്രക്കാരുള്‍പ്പടെ ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.
തിരക്കു കൊണ്ട് പൊറുതിമുട്ടുന്ന തിരുവനന്തപുരം സെന്‍ട്രലിലെ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് കുറക്കുന്നതിന് ചൂണ്ടിക്കാട്ടുന്ന പരിഹാര മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ വികസനം. കൊച്ചുവേളിയില്‍ നിന്നും കൂടുതല്‍ ട്രെയിനുകള്‍ പുറപ്പെടുന്ന സാഹചര്യമൊരുക്കിയാല്‍ നിലവില്‍ സെന്‍ട്രലില്‍ അനുഭവപ്പെടുന്ന തിരക്ക് കുറക്കാമെന്നാണ് വിലയിരുത്തല്‍. പക്ഷെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇതിന്റെ സാധ്യതകള്‍ തള്ളിക്കളയുന്നു. കാലങ്ങളായി തിരുവന്തപുരത്തെ ട്രെയിന്‍ യാത്രക്കാരുടെയും മറ്റും പ്രധാന ആവശ്യമാണ് കൊച്ചുവേളി വികസനം.
യാത്രക്കാര്‍ക്ക് സ്റ്റേഷനിലേക്ക് എത്താനുള്ള സൗകര്യങ്ങള്‍ക്ക് പുറമെ സ്റ്റേഷനില്‍ വേണ്ടത്ര സുരക്ഷ ഒരുക്കുക, പ്ലാറ്റ്‌ഫോമുകളുടെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യാത്രക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. നഗരത്തില്‍ നിന്നും കൊച്ചുവേളി സ്‌റ്റേഷനിലേക്കും സ്‌റ്റേഷനില്‍ നിന്ന് നഗരത്തിലേക്കും എത്തിച്ചേരാനുള്ള ബുദ്ധിമുട്ടാണ് പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായി യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടുതല്‍ ബസുകള്‍ ഇവിടേക്ക് സര്‍വീസ് നടത്തണമെന്നും തമ്പാനൂരില്‍ നിന്നും കണക്ഷന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.