തിരുവനന്തപുരം : സെപ്‌റ്റംബർ 14ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച 2021-22ലെ സംസ്ഥാന സര്‍ക്കാരിന്‍റെ വരവ് ചെലവുകണക്കുകള്‍ സംബന്ധിച്ച അക്കൗണ്ടന്‍റ് ജനറലിന്‍റെ റിപ്പോര്‍ട്ട് (CAG Report) ഒരു സാധാരണ നടപടിക്രമം മാത്രമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ (KN Balagopal). റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ച ശേഷം അക്കൗണ്ടന്‍റ് ജനറല്‍ ചില കാര്യങ്ങള്‍ പറയുകയുണ്ടായി. എന്നാല്‍ വന്‍ തോതില്‍ സര്‍ക്കാര്‍ കുടിശ്ശിക പിരിച്ചെടുക്കാനുണ്ടെന്ന തരത്തിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു (KN Balagopal On CAG Report).
എല്ലാ വര്‍ഷവും അക്കൗണ്ടന്‍റ് ജനറല്‍ സമര്‍പ്പിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നിയമസഭയും വിവിധ കമ്മിറ്റികളും പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്. അതിനാല്‍ നിയമസഭ കമ്മിറ്റികളുടെയും വകുപ്പുകളുടെയും സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷം മാത്രമേ അക്കൗണ്ടന്‍റ് ജനറല്‍ മുന്നോട്ടുവച്ച കണക്കുകള്‍ സംബന്ധിച്ച് അഭിപ്രായം പറയാന്‍ കഴിയൂ. എന്നാല്‍ വസ്‌തുതാവിരുദ്ധമായ മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കേണ്ടതുണ്ട്.
കംപ്‌ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറലിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 2022 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ മൊത്തം റവന്യൂ കുടിശ്ശിക 28,258.39 കോടി രൂപ എന്നാണ്. ഈ കുടിശ്ശിക ജി.എസ്.ടി വകുപ്പ്, ഗതാഗത വകുപ്പ്, കെ.എസ്.ഇ.ബി ലിമിറ്റഡ്, രജിസ്‌ട്രേഷന്‍ വകുപ്പ്, പൊലീസ് വകുപ്പ് തുടങ്ങിയ പല വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അനേകം വര്‍ഷങ്ങളായിട്ടുള്ള കുടിശ്ശികയാണ്. കേരള സംസ്ഥാനം രൂപപ്പെട്ട കാലം മുതലുള്ള കുടിശ്ശികകളാണ് ഇത്തരത്തില്‍ ക്യാരിഓവര്‍ ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് മുന്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.
കണക്ക് നിരത്തി ധനമന്ത്രി : 2020-21 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 21,798 കോടി രൂപയാണ് സര്‍ക്കാരിന് മുന്നിലുണ്ടായിരുന്ന കുടിശ്ശിക. 2020-21ല്‍ നിന്നും 2021-22ല്‍ 6400 കോടി രൂപ അധിക കുടിശ്ശിക വന്നു എന്നാണ് കണക്ക്. മുന്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യത്യസ്‌തമായി പുതിയൊരു ഇനം കൂടി കുടിശ്ശികയായി ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇതിനുകാരണം.
കെ.എസ്.ആര്‍.ടി.സി, ഹൗസിംഗ് ബോര്‍ഡ്, കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 1970 കള്‍ മുതല്‍ നല്‍കിയ വായ്‌പ സഹായങ്ങളുടെ നാളിതുവരെയുള്ള പലിശ സഹിതം ഒരു പുതിയ ഇനമാക്കി മാറ്റിയിരിക്കുന്നു. ഇത് 5980 കോടി രൂപയോളം വരും. എന്നാല്‍ മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ കുടിശ്ശികയായി പിരിച്ചെടുക്കാനുണ്ടായിരുന്ന നികുതി വകുപ്പിന്‍റെ ഇനത്തില്‍ 420 കോടി രൂപ ഈ വര്‍ഷം കുറവ് വന്നിട്ടുണ്ട്.
സാധാരണ നികുതി വകുപ്പിന്‍റെ കുടിശ്ശികകള്‍ ഒരു കാലത്തും കുറഞ്ഞിട്ടില്ല. വര്‍ധിച്ചുവരികയാണ് പതിവ്. എന്നാല്‍ 2020-21നെ അപേക്ഷിച്ച് 2021-22 ല്‍ നികുതി കുടിശ്ശികയില്‍ 420 കോടി രൂപയുടെ കുറവ് വന്നു. ഇത് ചരിത്ര നേട്ടമാണ്. അക്കൗണ്ടന്‍റ് ജനറലിന്‍റെ കണക്ക് പ്രകാരം 2021-22ലെ നികുതി കുടിശ്ശിക 13,410.12 കോടി രൂപയാണ്.
ഇതില്‍ നിന്നും ഇതുവരെ 258 കോടി രൂപയോളം പിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഏകദേശം 987 കോടി രൂപയോളം അപ്പീല്‍ തീര്‍പ്പാക്കിയതിലും ആംനസ്റ്റി പദ്ധതിയിലുമായി കുറഞ്ഞിട്ടുണ്ട്. 13410 കോടി രൂപയില്‍ 12,900 കോടിയോളം രൂപ (96%) ജി.എസ്.ടി ഇതര നിയമ പ്രകാരം നേരത്തേ നടത്തിയ അസസ്‌മെന്‍റ് പ്രകാരമുള്ളതാണ്. അതില്‍ 5200 കോടിയോളം രൂപ വിവിധ സ്റ്റേയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും 6300 കോടി രൂപ റവന്യൂ റിക്കവറി നടപടികളില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമാണ്.
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിഷയത്തില്‍ അക്കൗണ്ടന്‍റ് ജനറല്‍ പ്രധാനമായും ഉന്നയിക്കുന്നത് അനര്‍ഹര്‍ക്ക് പെന്‍ഷന്‍ നല്‍കി, മരണപ്പെട്ടവര്‍ക്ക് നല്‍കി, അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയില്ല തുടങ്ങിയ പ്രശ്‌നങ്ങളാണ്. 2023 ആഗസ്റ്റ് 31 വരെ ഗുണഭോക്താക്കളുടെ ഐഡന്‍റിറ്റി ആധാറുമായി ബന്ധിപ്പിച്ചും മസ്റ്ററിംഗിലൂടെയും മരണപ്പെട്ടവരെയും ഡ്യൂപ്ലിക്കേഷനിലൂടെ വന്നവരെയും ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൊവിഡ് കാലത്ത് മസ്റ്ററിംഗും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കലും നിര്‍ത്തിവെച്ചിരുന്നതിനാല്‍ സംഭവിച്ച ചില്ലറ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഓഡിറ്റ് നടത്തുക എന്നതും ഓഡിറ്റിലൂടെ നിരീക്ഷണങ്ങള്‍ നടത്തുക എന്നതും അക്കൗണ്ടന്‍റ് ജനറലിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അവ സൂക്ഷ്‌മതലത്തില്‍ പരിശോധിച്ച് നിയമസഭ സമിതികളും ബന്ധപ്പെട്ട വകുപ്പുകളും ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടവയാണ്. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് തുടര്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുക തന്നെ ചെയ്യുമെന്നും ധനമന്ത്രി വാർത്താക്കുറിപ്പില്‍ അറിയിച്ചു.