തിരുവനന്തപുരം: നോട്ട് നിരോധനത്തിൻ്റെ നിയമവശം മാത്രം പരിശോധിച്ചുള്ള വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ ഇത് എങ്ങനെ ബാധിച്ചു എന്ന് സുപ്രീം കോടതി പരിശോധിച്ചിട്ടില്ല. നോട്ട് നിരോധിക്കാൻ കേന്ദ്രസർക്കാർ പറഞ്ഞതിന്‍റെ ഒരു ഫലവും ഉണ്ടായിട്ടില്ല.
99% നോട്ടുകളും തിരികെ എത്തിയിട്ടുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ തകർത്തത് അല്ലാതെ ഒരു ഗുണവും ഉണ്ടാക്കാത്ത തീരുമാനമായിരുന്നു അത്. പൊട്ടിച്ച മുട്ട തിരിച്ചു മുട്ടയാക്കാൻ കഴിയാത്തത് പോലെയാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.
നോട്ട് നിരോധനത്തെ അംഗീകരിക്കുന്നതാണ് വിധി എങ്കിലും വിയോജനവിധിയും ഉണ്ടായിട്ടുണ്ട്. നിയമ നിർമാണത്തിലൂടെ ചെയ്യേണ്ടതായിരുന്നു നോട്ട് നിരോധനം. ഡിജിറ്റൽ എക്കണോമിയിൽ നോട്ടുനിരോധനം മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അല്ലാതെ ഒരു ഗുണവും ഉണ്ടായിട്ടില്ല.
നിരോധിച്ചതിന്‍റെ ഇരട്ടിയിലധികം നോട്ടുകൾ ഇപ്പോൾ ക്രയവിക്രയം ചെയ്യുകയാണ്. ഇത്തരത്തിൽ തന്നെയാണ് കേന്ദ്രസർക്കാർ എല്ലാം നടപടികളും ചെയ്യുന്നത്. പൊതുമേഖല സ്ഥാപനങ്ങളെ അടക്കം വിറ്റുലയ്ക്കുന്നതിന്‍റെ ദോഷവശം ഭാവിയിലായിരിക്കും അറിയുക. അപ്പോഴും പറയുക പൊട്ടിച്ച മുട്ട തിരികെ മുട്ടയാക്കാൻ കഴിയില്ല എന്നാകുമെന്നും ധനമന്ത്രി പറഞ്ഞു.