തിരുവനന്തപുരം: കെപിസിസി പുനഃസംഘടന തുറന്ന പോരിലേക്ക്. പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി അറിയിച്ച് കെ മുരളീധരന്‍ കെപിസിസി പ്രസിഡന്‍റിന് കത്ത് നല്‍കി. "ചിലര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണ്. കൂട്ടായ ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ല. ജനപ്രതിനിധികളെ വീണ്ടും ഭാരവാഹികളാക്കാന്‍ ശ്രമിക്കുന്നു" മുരളീധരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
കെപിസിസി പുനഃസംഘടനയില്‍ തീരുമാനം നീളുന്നതിനിടെയാണ് കെ മുരളീധരന്‍ പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനപ്പെട്ട നേതാക്കളെ പോലും പരിഗണിക്കുന്നില്ല. രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നു. ഭാരവാഹിത്വത്തിലേക്ക് താന്‍ പലരെയും നിര്‍ദേശിച്ച് കത്ത് നല്‍കിയിരുന്നു. ഇനി അത് പരിഗണിക്കേണ്ടന്നും മുരളീധരന്‍ കത്തില്‍ പറയുന്നു.
ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡത്തില്‍ പുനഃസംഘടന ചര്‍ച്ചകള്‍ വഴിമുട്ടിയ നിലയിലാണ്. ഒരാള്‍ക്ക് ഒരു പദവി എന്നതില്‍ എ ഗ്രൂപ്പിന് അനുകൂല നിലപാടാണ്. എന്നാല്‍ ഐ ഗ്രൂപ്പ് ഇതിനോട് യോജിക്കുന്നില്ല. ജനപ്രതിനിധികളായവരെ ഭാരവാഹികള്‍ ആക്കുന്നതിനോട് ഐ ഗ്രൂപ്പിനുള്ളില്‍ തര്‍ക്കമുണ്ട്. എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍ എന്നിവരെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനത്തോട് കെ മുരളീധരന്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ക്ക് താല്‍പര്യമില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് മുരളീധരന്റെ കത്ത്. കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യറാകാത്തതും പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. എ കെ ആന്റണിയുടെ അധ്യക്ഷതയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് നീക്കം.