തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കെ.എം മാണി അഴിമതിക്കാരന്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞുവെന്ന വിവാദത്തില്‍ മാധ്യങ്ങളെ പഴിചാരി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സുപ്രീംകോടതിയില്‍ നടന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം.
നടപടിക്രമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു
അതില്‍ ദുരദ്ദേശമുണ്ട്. ഇടതുമുന്നണിയില്‍ ആശയകുഴപ്പമുണ്ടാക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. അതിനായി തെറ്റായി വാര്‍ത്ത നല്‍കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫിന്‍റെ അഴിമതിക്കെതിരായ സമരമാണ് അന്ന് നിയമസഭയില്‍ നടന്നത്.
കെ.എം. മാണി കേരളത്തില്‍ ദീര്‍ഘകാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണ്. അനുഭവ സമ്പത്തുള്ള പൊതുപ്രവര്‍ത്തകനാണ്. ബാര്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണത്തില്‍ മാണിക്ക് വ്യക്തിപരമായി ഉത്തരവാദിത്വമില്ലെന്നാണ് കണ്ടെത്തിയത്.
കെ.എം മാണിയുടെ പേര് പറഞ്ഞിട്ടില്ല
കെ.എം. മാണിയുടെ പേര് സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ പറഞ്ഞിട്ടില്ല. കോടതിയിലെ നടപടിക്രമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. ചില മാധ്യമങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം വാര്‍ത്തകളിലും പ്രതിഫലിക്കും. അതിന് സത്യത്തിന്‍റെ പിന്‍ബലം ആവശ്യമില്ല.
യുഡിഎഫിലെ അഴിമതികളെയടക്കം തള്ളിപറഞ്ഞാണ് കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയിലേക്ക് വന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെ പുറത്തെത്തിയാണ് വിജയരാഘവന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
കേരള കോണ്‍ഗ്രസ് എം ഇക്കാര്യത്തില്‍ പ്രതിഷേധം സിപിഎമ്മിനെ അറിയിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റിയോഗം ചേരുന്നതിനിടെയാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്. വിവാദങ്ങള്‍ വേഗത്തില്‍ അവസാനിപ്പിക്കാനാണ് പതിവില്ലാത്ത രീതിയില്‍ സെക്രട്ടേറിയറ്റ് യോഗത്തിനിടയില്‍ കൂടിയാലോചനകള്‍ക്ക് ശേഷം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയുള്ള വിശദീകരണം.