തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കോടതി. അന്വേഷണം നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അന്തിമ റിപ്പോര്‍ട്ട് നവംബര്‍ പതിനഞ്ചിനകം സമര്‍പ്പിക്കണമെന്നും തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. നിലവിലെ അന്വേഷണത്തിന്റെ മെല്ലെപ്പോക്കിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.
ശ്രീറാം വെങ്കട്ടരാമന്‍റെ രക്ത പരിശോധന വൈകിപ്പിച്ച് തെളിവ് നശിപ്പിച്ചതിനും എഫ്.ഐ.ആര്‍ വൈകിപ്പിച്ചതിനും മ്യൂസിയം സ്റ്റേഷനിലെ എസ്ഐക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മ്യൂസിയം എസ്.ഐ ജയപ്രകാശിനെ നരഹത്യാ കേസില്‍ കൂട്ടുപ്രതിയാക്കണമെന്ന് സിറാജ് പത്രത്തിന്റെ മാനേജ്മെന്റ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തോട് വിശദീകരണം ബോധിപ്പിക്കാനും മജിസ്ട്രേട്ട് ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ വഴി നല്‍കിയ വിശദീകരണത്തിലാണ് ശാസ്ത്രീയ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിലെ അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. അടുത്ത മാസം പതിനഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. അന്നോ അതിനു മുമ്പോ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.