തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് വീണ്ടും ജില്ല കോടതി വിചാരണ നടത്തും. ശ്രീറാമിനെതിരെയുള്ള നരഹത്യ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസ് നിലവിൽ പരിഗണിച്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് തുടർ വിചാരണ നടപടികൾക്കായി കേസ് ജില്ല കോടതിക്ക് കൈമാറിയത്.
തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് നരഹത്യാകുറ്റം ഒഴിവാക്കിയത്. ഇതിന് എതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത് സർക്കാരായിരുന്നു. ഇത് അംഗീകരിച്ച് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയുടെ വിധി സ്റ്റേ ചെയ്‌ത ഹൈക്കോടതി ശ്രീറാമിനെതിരെ നരഹത്യാകുറ്റം നിലനില്‍ക്കുമെന്ന് വിധിക്കുകയായിരുന്നു.
നരഹത്യാക്കുറ്റം ചുമത്താൻ പര്യാപ്‌തമായ വസ്‌തുതകൾ കേസിലുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. വാഹനം അമിത വേഗതയിലായിരുന്നു. കേസിൽ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യത്തിന്‍റെ അംശമില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടെന്ന കാരണത്താൽ നരഹത്യാക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞ കോടതി പ്രാഥമിക തെളിവുകളിൽ പ്രതി മദ്യപിച്ചിരുന്നതായി വ്യക്‌തമാണെന്നും നിരീക്ഷിച്ചു.
ഇത് അംഗീകരിച്ചതിനെത്തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കേസിലെ രണ്ടാം പ്രതി വഫയ്‌ക്കെതിരെയുള്ള കുറ്റം ഹൈക്കോടതി റദ്ദാക്കിയിരുന്നു. നേരത്തെ കെ.എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കവടിയാർ - മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണം എന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഹർജി നൽകിയിരുന്നു.
ഇത് കാരണം കോടതി നടപടികൾ വിചാരണ കോടതിക്ക് കൈമാറാൻ കഴിയാതെ ഒരു വർഷം നീണ്ടുപോയിരുന്നു. 2019 ഓഗസ്റ്റ് മൂന്ന് പുലർച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകൻ കെ. എം ബഷീര്‍ കൊല്ലപ്പെടുന്നത്.
എം എ ലാലിനെതിരായ പരാതി ലോകായുക്ത ഫയലിൽ സ്വീകരിച്ചു : ടി.വി ആങ്കറും വാർത്ത അവതാരകനുമായ ഡോ എം എ ലാലിനെതിരെ, ഷാജി സി സേനൻ നൽകിയ പരാതി ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് അന്വഷണത്തിനായി ഫയലിൽ സ്വീകരിച്ചു. ലോകായുക്ത ജസ്‌റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു, പി ജോസഫ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അന്വഷണത്തിന് ഉത്തരവിട്ടത്.
സർക്കാർ ജീവനക്കാരുടെ പെറുമാറ്റ ചട്ടം ലംഘിച്ച് സ്വകാര്യ ചാനലിൽ വാർത്ത അവതാരകനായി ഡോ ലാൽ പ്രവർത്തിച്ചു എന്ന് ആരോപിച്ചാണ് പരാതിക്കാരൻ ലോകായുക്തയെ സമീപിച്ചത്. ചട്ടം ലംഘിച്ച ഡോ ലാലിനെ സർവീസിൽ നിന്നും പിരിച്ച് വിടണം എന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി എതിർ കക്ഷികൾക്ക് നേരത്തേ നോട്ടിസ് അയച്ചിരുന്നു. ഇതിനെ തുടർന്ന് ഒന്നാം എതിർ കക്ഷി ഒരു പത്രിക ലോകായുക്ത മുൻപാകെ സമർപ്പിച്ചിരുന്നു. പ്രസ്‌തുത പത്രികയിൽ ഈ വിഷയത്തിൻമേൽ ഒരു അന്വേഷണം ഇപ്പോൾ നടന്ന് വരികയാണെന്ന് പരാമർശിച്ചിരുന്നു.
അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് അടുത്ത സിറ്റിങിന് മുൻപായി സമർപ്പിക്കുവാൻ ലോകായുക്ത കൊളീജിയറ്റ് എഡ്യുക്കേറ്റ് ഡയറക്‌ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതി ഓഗസ്റ്റ് എട്ടിന് പരിഗണിക്കും.