തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിന്‍റെ പേരിൽ നിയമസഭയിൽ സമ്പൂർണ ബഡ്ജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ദിവസം ഭരണ പ്രതിപക്ഷങ്ങളുടെ വാക്പോര്. എസ്എൻസി ലാവ്ലിന്‍റെ പ്രതിരൂപമായ സിഡിപിക്യുവിന് ഉയർന്ന പലിശ നിരക്കിൽ മസാല ബോണ്ട് വിറ്റ് തലമുറകളെ കടക്കെണിയിലാക്കിയെന്ന് ആരോപണവുമായി പ്രതിപക്ഷവും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രിക്ക് ലഭിച്ച അംഗീകാരത്തിൽ അസൂയപൂണ്ട പ്രതിപക്ഷം സംസ്ഥാനത്തിന്‍റെ വികസനം മുടക്കുകയാണെന്ന് ഭരണപക്ഷവും ആരോപണവുമായി രംഗത്തെത്തി. കിഫ്ബി വിഷയത്തിൽ പ്രതിപക്ഷം നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിൻ മേൽ നടന്ന ചർച്ചയിലാണ് ഭരണ പ്രതിപക്ഷാംഗങ്ങൾ കൊമ്പുകോർത്തത്.
സമ്പൂർണ ബഡ്ജറ്റ് ചർച്ചയുടെ ആദ്യ ദിനത്തിൽ തന്നെ കിഫ്ബി മസാല ബോണ്ട് ഭരണപക്ഷത്തിനെതിരെ ആയുധമാക്കാനായിരുന്നു പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഇതുസംബന്ധിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി ശബരീനാഥൻ എംഎൽഎ രംഗത്തെത്തി. എന്നാൽ പതിവിന് വിപരീതമായി ചർച്ചയാകാമെന്ന് സർക്കാർ അറിയിച്ചു.
സംസ്ഥാന ക്യാബിനറ്റ് അല്ല കിഫ്ബി എന്ന കിച്ചൻ ക്യാബിനറ്റാണ് കേരളം ഭരിക്കുന്നത്. ലണ്ടനിൽ മുഖ്യമന്ത്രി മുഴക്കിയത് സിപിഎമ്മിന്‍റെ മരണമണി ആണെന്നും ശബരിനാഥൻ എംഎൽഎ പറഞ്ഞു. എന്നാൽ എസ്എൻസി ലാവ്ലിൻ എന്ന് പറഞ്ഞ് സർക്കാരിനെ ആരും ഭയപ്പെടേണ്ടതില്ല. രേഖകൾ ആർക്കും പരിശോധിക്കാം. ഇടുക്കി പദ്ധതി തീർത്ത് മടങ്ങിയ എസ്എൻസി ലാവ്‌ലിനെ തിരികെ കൊണ്ടു വന്നത് കോൺഗ്രസ് മന്ത്രിമാരായിരുന്ന സി വി പത്മരാജനും ജി കാർത്തികേയനും ആയിരുന്നെന്ന് ധനമന്ത്രി തോമസ് ഐസക്ക് തിരിച്ചടിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ അപചയമാണ് മസാല ബോണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എസ്എൻസി ലാവ്ലിന്‍റെ പ്രതിരൂപമാണ് മസാല ബോണ്ട് വാങ്ങിയ സിഡിപിക്യു എന്നും ചെന്നിത്തല ആരോപിച്ചു.