തിരുവനന്തപുരം: കല്ലട ബസ്സിൽ യാത്രക്കാർക്ക് മർദനമേറ്റ സംഭവത്തിന്‍റെ പശ്ചാതലത്തില്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റു പാഴ്സലുകൾ ബസ്സിൽ കയറ്റരുത്, കിംഗ് ഓഫീസുകളുടെ ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ക്രിമിനൽ പശ്ചാത്തലം പാടില്ല, കെഎസ്ആർടിസി, മൊഫുസ്സിൽ ബസ്റ്റാന്‍റുകളുടെ 500 മീറ്റർ ചുറ്റളവിൽ സ്വകാര്യ ബുക്കിംഗ് ഓഫീസുകളോ പാർക്കിംഗ് കേന്ദ്രമോ പാടില്ല, ബുക്കിങ് ഓഫീസുകൾക്ക് കുറഞ്ഞത് 150 ചതുരശ്ര അടി വിസ്തീർണമുണ്ടാകണം, ബുക്കിങ് സ്ത്രീകൾ ഉൾപ്പെടെ പത്ത് യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം വേണം, ശുചിമുറികളും വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാക്കണം എന്നിവയാണ് പുതിയ മാനദണ്ഡങ്ങള്‍. ഗതാഗത സെക്രട്ടറി കെ.ആർ ജ്യോതിലാൽ ആണ് പുതിയ മാനദണ്ഡങ്ങൾ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയത്. 1988 ലെ മോട്ടോർ വെഹിക്കിൾ ആക്റ്റ് അനുസരിച്ച് കോൺട്രാക്ട് കാര്യേജ് പെർമിറ്റുള്ള ബസുകൾക്ക് യാത്രക്കാരെ കയറ്റാനുള്ള ടിക്കറ്റ് നൽകാന്‍ അനുവാദമില്ല. എന്നാൽ നിയമലംഘനം വ്യാപകമായ സാഹചര്യത്തിലാണ് ആണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് ഗതാഗത സെക്രട്ടറി അറിയിച്ചു.