എറണാകുളം: അതിഥി തൊഴിലാളികളുമായി എറണാകുളത്ത് നിന്നും ഇന്ന് രണ്ട് ട്രെയിനുകള്‍ കൂടി പുറപ്പെടും. രണ്ട് ട്രെയിനുകളിലായി രണ്ടായിരത്തിലധികം തൊഴിലാളികളായിരിക്കും ഇന്ന് യാത്ര തിരിക്കുക. മുൻഗണന ക്രമത്തിൽ ജില്ലാ ഭരണകൂടമാണ് യാത്രക്കാരെ നിശ്ചയിക്കുക. ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഇവരെ നേരിട്ട് റെയിൽവെ സ്റ്റേഷനുകളിലെത്തിക്കും. സാമൂഹിക അകലവും മറ്റ് സുരക്ഷാ മുൻകരുതലുകളും കൃത്യമായി പാലിച്ചായിരിക്കും ഇവരുടെ യാത്ര. ഇതിനാവശ്യമായ വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. സൗത്ത് റെയിൽവെ സ്റ്റേഷനനിൽനിന്ന് ഭുവനേശ്വറിലേക്കും ആലുവയിൽനിന്ന് പാറ്റ്നയിലേക്കുമാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്.
പെരുമ്പാവൂർ ഉൾപ്പടെ അതിഥി തൊഴിലാളികൾ കൂടുതലുള്ള കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ കൗണ്ടർ വഴിയും, മറ്റിടങ്ങളിൽ തൊഴിലാളികളുടെ ക്യാമ്പുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തിയുമാണ് യാത്രക്കാരുടെ പട്ടിക തയ്യാറാക്കുന്നത്. അനിയന്ത്രിതമായ തിരക്കും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ ജില്ലാ ഭരണകൂടം ജാഗ്രതയോടെയാണ് ക്രമീകരണങ്ങൾ തുടരുന്നത്. ഹിന്ദി, ബംഗാളി, ഒറിയ തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുള്ള സൈനികരുടെ സേവനവും പൊലീസ് ഉപയോഗപ്പെടുത്തുന്നു. അതിഥി തൊഴിലാളികളുടെ പ്രാദേശിക ഭാഷകളിൽ അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരികയാണ്. നോൺസ്റ്റോപ്പ് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ജില്ലാ ഭരണകൂടം വിതരണം ചെയ്യുന്നുണ്ട്. ഇന്നലെ ആദ്യ ട്രെയിനിൽ ആയിരത്തിലധികം പേരാണ് ഒഡീഷയിലേക്ക് മടങ്ങിയത്.