തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാതലത്തിൽ പൊലീസിനെ ഉപയോഗിച്ച് നടപടി കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മാസ്‌ക് ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരെ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.
തെരഞ്ഞെടുപ്പിനുശേഷം കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചെന്നും രോഗത്തിന്‍റെ ഭീകരത മനസിലാക്കാതെ ജനങ്ങൾ കൂട്ടം കൂടുകയാണെന്നും ആരോഗ്യവകുപ്പിന്‍റെ നിയന്ത്രണങ്ങൾ മറന്ന മട്ടിലാണ് വിവാഹ ചടങ്ങുകളും മറ്റും നടത്തുന്നതെന്നും ഇനിയൊരു ലോക്ക്ഡൗണിലേക്ക് പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്ന വിമർശനം കാര്യങ്ങൾ മനസിലാക്കാതെയാണ്. കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കർശന നിയന്ത്രണങ്ങളിലൂടെ രോഗികളുടെ എണ്ണം കുറച്ചു കൊണ്ടുവരുമെന്നും ഡോക്‌ടർമാർ സമരത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അത്തരമൊരു തീരുമാനത്തിലേക്ക് പോകരുതെന്നാണ് പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.