തിരുവനന്തപുരം: ഒരൊറ്റ കടിക്ക് ഒരാനയെ വരെ കൊല്ലാൻ ശേഷിയുള്ള പാമ്പാണ് രാജവെമ്പാല. അതേസമയം രാജവെമ്പാല കടിച്ചുള്ള മരണം അത്യപൂർവ്വവുമാണ്. ഒന്നര വർഷം മുമ്പ് കർണാടകയിൽ ഒരു പാമ്പുപിടിത്തക്കാരൻ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചതാണ് രാജ്യത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത ആദ്യ സംഭവം.
തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇത് ചർച്ചയാകുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ടു ചെയ്യുന്നത്.
കടിക്കാറില്ല, കടിച്ചാൽ രക്ഷയില്ല
മൂർഖൻ, അണലി തുടങ്ങിയ വിഷപാമ്പുകളെ പോലെ ജനവാസ മേഖലയിൽ പൊതുവേ രാജവെമ്പാലകൾ പ്രത്യക്ഷപ്പെടാറില്ല. ഇവയുടെ കടിയേറ്റ സംഭവങ്ങൾ അപൂർവ്വമായതും അതുകൊണ്ടാണ്. ആഹാരത്തിനോ ആത്മരക്ഷക്കോ അല്ലാതെ ആക്രമിക്കുന്ന സ്വഭാവവുമില്ല രാജവെമ്പാലക്ക്.
മനുഷ്യനെ കണ്ടാലും ഒഴിഞ്ഞു പോകും. എന്നാൽ മുട്ടയിടുന്ന കാലത്ത് പൊതുവേ ഇവ ആകമണകാരികളാണു താനും. മഴക്കാടുകളിലാണ് പൊതുവേ ഇവയുടെ വാസം. ചൂടു കൂടുന്ന കാലത്താണ് ജനവാസ മേഖലയിൽ ഇവയെ കാണാൻ സാധിക്കുക.
ഭീമാകാരൻ, ഭക്ഷണം ചെറുപാമ്പുകൾ
പൂർണ വളർച്ചയെത്തിയ രാജവെമ്പാലക്ക് ശരാശരി 3.18 മീറ്റർ മുതൽ 4 മീറ്റർ വരെ നീളമുണ്ടാവും. 5.85 മീറ്റർ വരെ നീളമുള്ള രാജവെമ്പാലയെയും കണ്ടെത്തിയിട്ടുണ്ട്. ഈ ഭീമാകാരത്വം മൂലം ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ടാലും മനുഷ്യൻ സാധാരണ ഇവയെ എതിരിടാറില്ല.
ALSO READ: രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു
വിദഗ്‌ധരായ പാമ്പുപിടിത്തക്കാർ മാത്രമാണ് ഇവയെ പിടികൂടി കാട്ടിലേക്ക് തിരിച്ചയക്കാൻ മുതിരാറുള്ളൂ. ശരീര നീള്ളത്തിൻ്റെ മൂന്നിലൊന്ന് ഉയരത്തിലേക്ക് ഉയർന്ന് കൊത്താനും രാജവെമ്പാലയ്ക്ക് ശേഷിയുള്ളതിനാൽ ഇവയോട് കളിക്കുന്നത് അപകടകരവുമാണ്.
മൂർഖൻ അടക്കമുള്ള ചെറുപാമ്പുകളെയും പല്ലിവർഗങ്ങളെയും വേട്ടയാടിപ്പിടിച്ചാണ് രാജവെമ്പാല ഭക്ഷണമാക്കുക. തിരുവനന്തപുരം മൃഗശാലയിൽ ജീവിക്കുന്ന മൂന്നു രാജവെമ്പാലകൾക്കും ചേരയാണ് ഭക്ഷണം. ആഴ്‌ചയിലൊരിക്കലോ രണ്ടാഴ്‌ചയിലൊരിക്കലോ ഒരു ചേരയെ കിട്ടിയാൽ കുശാൽ.
കടിച്ചാൽ മരണം ഉറപ്പ്
ഒരു കടിയിൽ ശരാശരി 400 മില്ലിലിറ്റർ മുതൽ 600 മില്ലിലിറ്റർ വരെ വിഷം ശത്രുവിൻ്റെ ശരീരത്തിൽ രാജവെമ്പാല കടത്തിവിടും. നാഡീവ്യൂഹത്തിലാണ് വിഷം പ്രവർത്തിക്കുക. അരയിഞ്ചു നീളമുള്ള പല്ലു കൊണ്ടാണ് ഇവ വിഷം കുത്തിവയ്ക്കുക.
ശ്വാസകോശത്തിൻ്റെ പ്രവർത്തനം കുറഞ്ഞ നേരം കൊണ്ട് തകരാറിലാകും. 15 മിനിട്ടിനുള്ളിൽ മനുഷ്യൻ മരണപ്പെടും. ഈ സമയത്തിനകം ഇൻകുബേറ്റഡ് വെൻ്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലെത്തിക്കണം. രാജവെമ്പാലയുടെ ആന്‍റിവെനത്തിന്‍റെ ഉത്പാദനം വലിയ ചെലവേറിയതാണ്. അതുകൊണ്ട് തന്നെ മിക്ക രാജ്യങ്ങളില്‍ ഉല്‍പ്പാദനം കുറവാണ്.
ALSO READ: മൃഗശാല ജീവനക്കാരന്‍റെ മരണം; സംഭവം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമെന്ന് അധികൃതർ