തിരുവനന്തപുരം: കിഫ്ബിക്കു കീഴില്‍ കിഫ്കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അനുമതി നല്‍കി. കണ്‍സള്‍ട്ടന്‍സി കമ്പനിയായാകും ഇത് പ്രവര്‍ത്തിക്കുക. ഇന്ത്യയിലും വിദേശത്തുമായി ഗതാഗതം, കെട്ടിടങ്ങളും മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് പ്രവൃത്തികളും, നഗരവികസനം, ഊര്‍ജവും വിഭവവും, തുറമുഖങ്ങളും തീരദേശവും തുടങ്ങിയ മേഖലകളില്‍ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും അനുബന്ധ സാങ്കേതികരംഗത്തും കമ്പനി കണ്‍സട്ടന്‍സി നല്‍കും.
നിരവധി കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയും സാങ്കേതികവിദ്യ കൈമാറ്റവുമാണ് കമ്പനിയിലൂടെ ലക്ഷ്യമിടുന്നത്. പ്രോജക്‌ട് ഡവലപ്പ്മെന്‍റ് സര്‍വീസിനാവശ്യമായ പ്രാഥമിക സാധ്യത പഠനങ്ങള്‍, പരിസ്ഥിതി സാമൂഹികാഘാത പഠനം, ഡി.പി.ആര്‍ പിന്തുണ സേവനങ്ങള്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കും. പദ്ധതി നടത്തിപ്പിനുള്ള പഠനവും സര്‍വേയും നടത്തും.
ഒരു കോടി അംഗീകൃത മൂലധനമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരിക്കും കിഫ്കോണ്‍. തുടക്കത്തില്‍ 100 ശതമാനം ഓഹരി കിഫ്ബിയുടെതായിരിക്കും, തുടര്‍ന്ന് ഡയറക്‌ടര്‍ ബോര്‍ഡിന്‍റെ തീരുമാനത്തിന് വിധേയമായി പരമാവധി 51 ശതമാനം ഓഹരി മറ്റു കമ്പനികള്‍ക്ക് ഡിസ് ഇന്‍വെസ്റ്റ്മെന്‍റിലൂടെ അനുവദിക്കും. അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലാവധിയില്‍ ഫങ്ഷണല്‍ ഡയറക്‌ടര്‍മാരെ സര്‍ക്കാര്‍ നിയമിക്കും.