തിരുവനന്തപുരം : പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കിഫ്ബി. ധനലഭ്യത മാത്രമല്ല ഗുണനിലവാരവും സമയക്രമവും ഉത്തരവാദിത്തമാണെന്ന് കിഫ്ബി ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
പദ്ധതികള്‍ വിഴുങ്ങുന്ന സംവിധാനമായി കിഫ്ബി മാറുന്നുവെന്നും ഉദ്യോഗസ്ഥര്‍ രാക്ഷസന്‍മാരെ പോലെ പെരുമാറുന്നുവെന്നുമായിരുന്നു മന്ത്രി ജി സുധാകരന്‍ ഇന്നലെ ആരോപിച്ചത്. കിഫ്ബി വഴിയുള്ള റോഡിന്റെ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനല്ലെന്നും ഇന്നലെ ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഈ ആരോപണങ്ങള്‍ക്കാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കിഫ്‌ബി മറുപടി നല്‍കിയത്. ധനലഭ്യത മാത്രമല്ല, ഗുണനിലവാരവും സമയക്രമം പരിശോധിക്കലും ഉത്തരവാദിത്തമാണെന്ന് കിഫ്ബി വ്യക്തമാക്കുന്നു. ഗുണ നിലവാരം സംബന്ധിച്ച് കര്‍ശന പരിശോധന തുടരുക തന്നെ ചെയ്യും. കിഫ്ബി ബോര്‍ഡ് അംഗീകരിച്ച പിഡബ്ല്യൂഡി പ്രവൃത്തി പദ്ധതികളുടെ ഗുണനിലവാരം കിഫ്ബിയുടെ ഉത്തരവാദിത്തമാണ്. നിരവധി പദ്ധതികളില്‍ ക്രമക്കേടുകള്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. സമയബന്ധിതമായി ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. 36 പിഡബ്ല്യൂഡി നിര്‍മാണപ്രവൃത്തികളില്‍ ഗുണനിലവാരമോ പുരോഗതിയോ ഇല്ലെന്ന് ആദ്യഘട്ട പരിശോധനയില്‍ തന്നെ കണ്ടെത്തിയിരുന്നു. പല തവണ ഗുണനിലവാരം സംബന്ധിച്ച് തിരുത്തല്‍ നിര്‍ദേശം നല്‍കിയിട്ടും ഫലംകാണാതെ വന്നതിനെ തുടര്‍ന്ന് 12 പദ്ധതികള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കേണ്ടി വന്നിട്ടുണ്ട്. ഭാവിയിലും കര്‍ശനമായ ഗുണനിലവാര പരിശോധനയും തുടര്‍ന്നുള്ള നിര്‍ദേശങ്ങളും കിഫ്ബിയുടെ ഭാഗത്തു നിന്നുണ്ടാകമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.