തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയായ മനോരമയെ വധിക്കാൻ പ്രതി ആദം ഉപയോഗിച്ച കത്തി കണ്ടെടുത്തു. മനോരമയുടെ വീടിനു സമീപത്തെ ഓടയിൽ നിന്നാണ് കത്തി കണ്ടെടുത്തത്. തെളിവെടുപ്പിനിടെ പ്രതിയും ബംഗാൾ സ്വദേശിയുമായ ആദം അലിക്കെതിരെ നാട്ടുകാരുടെ രോഷമുയർന്നു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായിരുന്ന മനോരമ കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ ബംഗാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെന്നൈ പൊലീസും ആർപിഎഫും ചേർന്ന് പിടികൂടി കേരള പൊലീസിന് കൈമാറുകയായിരുന്നു. മനോരമയുടെ സ്വർണം കൈക്കലാക്കിയ പ്രതി ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇപ്പോഴും പൊലീസിനു നൽകിയിട്ടില്ല.
കേരളത്തിൽനിന്ന് കടക്കുമ്പോൾ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗ് പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതിൽ സ്വർണാഭരണങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. മലയാളം അറിയാവുന്ന ആദം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
പൊലീസിന്‍റെ ചോദ്യങ്ങൾക്ക് പ്രതി മറുപടി നൽകുന്നത് ഹിന്ദിയിലാണ്. ആദമിനൊപ്പം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല.