തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാള്‍ സ്വദേശിയായ ആദം അലിയെ ചെന്നൈയില്‍ നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ചെന്നൈയില്‍ വച്ച് തമിഴ്‌നാട് പൊലീസ് പിടികൂടിയ ഇയാളെ മെഡിക്കല്‍ കോളജ് സിഐ ഹരിലാലിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘമെത്തി അറസ്റ്റു ചെയ്‌തു. സെയ്‌ദാര്‍പേട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി പ്രതിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
പ്രാഥമിക ചോദ്യം ചെയ്യലില്‍ ആദം അലി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ചെന്നൈ വഴി ബംഗാളിലേക്ക് രക്ഷപ്പെടാനായിരുന്നു ഇയാളുടെ പദ്ധതി. കേരള പൊലീസ് നല്‍കിയ വിവരം അനുസരിച്ച് ചെന്നൈ ഡിസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘവും ആര്‍പിഎഫും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ഇന്ന് തിരുവനന്തപുരത്ത് കോടതിയില്‍ ഹാജരാക്കി ആദം അലിയെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഞായറാഴ്‌ച (07.08.2022) ആണ് കേശവദാസപുരം ദേവസ്വം ലൈനിൽ താമസിക്കുന്ന മനോരമ (60) കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയുളള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.