തിരുവനന്തപുരം: നിപ-കൊവിഡ് തുടങ്ങിയ പ്രതിസന്ധികളെ കേരളം നേരിട്ടത് പൊതുജനാരോഗ്യ മേഖലയിലെ സമഗ്ര പുരോഗതി കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഇന്ന് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണ് കേരളത്തിന്‍റെ പൊതുജനാരോഗ്യ മേഖലയെന്നും മുഖ്യമന്ത്രി നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടന്ന ഉദ്‌ഘാടന പരിപാടിയില്‍ പറഞ്ഞു.
നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 25 കോടി രൂപ ചെലവില്‍ 50 ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയതും ആരംഭിക്കുന്നതുമായ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തത്. നിര്‍മാണം പൂര്‍ത്തിയായ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതുതായി നിര്‍മിച്ച കെട്ടിടങ്ങള്‍, താലൂക്കാശുപത്രികളിലും ജനറല്‍ ആശുപത്രികളിലും ആരംഭിക്കുന്ന പുതിയ പദ്ധതികള്‍ കൂടാതെ ആര്‍ദ്രം മിഷനിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത് തുടങ്ങിയ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്‌തു.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും
886 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതില്‍ 474 എണ്ണത്തിന്‍റെ നിര്‍മാണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിയുള്ളവയില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് സ്ഥാപനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയത്. രണ്ടര കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 28 ഹെല്‍ത്ത് ആന്‍റ് വെല്‍നസ് സെന്‍ററുകളും ഉദ്ഘാടനം ചെയ്‌തു. വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന് പ്രത്യേക പരിഗണന നല്‍കുന്ന ചില പദ്ധതികളുമുണ്ട്.
ആദിവാസി സമൂഹത്തിന് പ്രത്യേക പരിഗണന
ഗര്‍ഭിണികളായ ആദിവാസി സ്ത്രീകളെ കുടുംബസമേതം താമസിപ്പിച്ച് അവര്‍ക്ക് പ്രസവ ശുശ്രൂഷ നല്‍കുന്നതിനായി 6.14 ലക്ഷത്തിലേറെ രൂപ വീതം ചെലവഴിച്ച് ബത്തേരിയിലും വൈത്തിരിയിലും നിര്‍മിച്ച ആന്‍റിനേറ്റല്‍ ട്രൈബല്‍ ഹോം, 20 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച മാനന്തവാടി ടി.ബി. സെല്‍ എന്നിവയാണവ.
ഇവയോടൊപ്പം കണ്ണൂര്‍ ജില്ലയിലെ ടിബി, എയ്‌ഡഡ് കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജില്ലാ ടി.ബി. ആന്‍റ് എയ്‌ഡഡ് കണ്‍ട്രോള്‍ ഓഫീസിനായി 72 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. പുതിയൊരു ഡിജിറ്റല്‍ എക്സ്റേ മെഷീന്‍ കൂടി ഇവിടെ സ്ഥാപിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം തൃശൂര്‍ മതിലകത്തും പ്രവര്‍ത്തനം തുടങ്ങി.
വിവിധ ജില്ലകളില്‍ വിവിധ പദ്ധതികള്‍
പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 25 ലക്ഷം രൂപയുടെ ജില്ല പ്രാരംഭ ഇടപെടല്‍ കേന്ദ്രം, പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ഓക്‌സിജന്‍ ജനറേറ്റര്‍, തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഐസിയു, 15 നവജാതശിശു പുനരുത്തേജന യൂണിറ്റുകള്‍, പീരുമേട് താലൂക്ക് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ ശ്യംഖല, പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ആദ്യ ഘട്ട ഇ-ഹെല്‍ത്ത് പദ്ധതി, 21 ലക്ഷം രൂപ ചിലവില്‍ സജ്ജമാക്കിയ അടൂര്‍ ജനറല്‍ ആശുപത്രിയിലെ എസ്എന്‍സി (സ്പെഷ്യല്‍ ന്യൂബോണ്‍ കെയര്‍) യൂണിറ്റ്, 15 നവജാതശിശു പുനരുത്തേജന യൂണിറ്റുകള്‍, കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനം,
ഒന്നേകാല്‍ കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍, 60 ലക്ഷം രൂപ ചെലവില്‍ സജ്ജമാക്കിയ കോട്ടയം ജില്ലാ നഴ്‌സിങ് സ്‌കൂളിലെ സ്‌കില്‍ ലാബ്, 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിലെ ഹൈ ഡിപ്പന്‍സി യൂണിറ്റ് എന്നിവയുടേയും ഉദ്ഘാടനം നിര്‍വഹിച്ചു.
ഇവയോടൊപ്പം ഒന്നേമുക്കാല്‍ കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഇടമറുക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഒ.പി. ബ്ലോക്കിന്‍റെ ശിലാസ്ഥാപനം, നാലുകോടിയോളം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന എറണാകുളം ഇടപ്പള്ളി റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിന്‍റെ നിര്‍മാണോദ്ഘാടനം എന്നിവയും ഉദ്ഘാടനം ചെയ്‌തു.