തിരുവനന്തപുരം : കേരളത്തിന്‍റെ അഭിമാന നേട്ടങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുന്ന കേരളീയം പരിപാടിയുടെ പ്രചരണവുമായി കെഎസ്ആർടിസി ഡബിൾ ഡെക്കറും. കെഎസ്‌ആർടിസി സഞ്ചാരികൾക്കായി നടത്തുന്ന സിറ്റി റൈഡ് സർവീസിലാണ് കേരളീയം പ്രചാരണം (Keraleeyam Promotion KSRTC Double Decker Bus).
ബസ്സിന്‍റെ ഇരു വശങ്ങളിലും കേരളീയത്തിന്‍റെ ലോഗോ പതിപ്പിച്ച ഫ്ലെക്‌സുമായി കിഴക്കേ കോട്ട ഡിപ്പോയിൽ നിന്ന് തുടങ്ങി തലസ്ഥാനത്തെ പ്രധാനപ്പെട്ട ഇടങ്ങളായ പത്മനാഭസ്വാമിക്ഷേത്രം, സെക്രട്ടേറിയറ്റ്, പാളയം, വെള്ളയമ്പലം, ശംഖുമുഖം എന്നിവിടങ്ങളിലൂടെ കെഎസ്ആർടിസിയുടെ സിറ്റി റൈഡ് വാഹനം കടന്നു പോകും.
കേരള പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഒരാഴ്‌ചയോളമാണ് കേരളീയം ആഘോഷം. തിരുവനന്തപുരം നഗരത്തിലെ 40 വേദികളിലായി വിവിധ സാംസ്‌കാരിക കലാപരിപാടികൾ ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറും. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 140 ഓളം പ്രഗത്ഭർ സംബന്ധിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള 25 സെമിനാറുകൾ നടക്കും.
കേരളീയം പരിപാടി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോഴും കേരളീയം പരിപാടിക്കുവേണ്ടി കോടികൾ പൊടിക്കാനൊരുങ്ങി സർക്കാർ. പരിപാടിക്ക് 27.12 കോടി രൂപ അനുവദിച്ചാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത് (27 Crore To Keraleeyam- Govt Spending Regardless Of Financial Crisis). നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്താണ് കേരളീയം പരിപാടി നടക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിനെന്ന പേരിൽ കിഫ്ബിയിൽ (KIIFB) നിന്നും പണമെടുത്ത് ചെലവഴിക്കുന്നുണ്ട്. ഇത് കൂടാതെ പരിപാടിയുടെ വിജയത്തിന് സ്പോൺസർമാരിൽ നിന്ന് പണം വാങ്ങുന്നുമുണ്ട്.
കേരളീയം പരിപാടിയിൽ സെമിനാറുകൾ, എക്‌സിബിഷൻ, ട്രേഡ് ഫെയർ, ഫുഡ് ഫെസ്‌റ്റിവൽ, ഫിലിം ഫെസ്‌റ്റിവൽ, ബുക്ക് ഫെസ്‌റ്റ്, കൾച്ചറൽ ഫെസ്‌റ്റ്, ഫ്ലവർ ഷോ, സ്ട്രീറ്റ് ഷോ, കൾച്ചറൽ ഷോ തുടങ്ങിയ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എക്‌സിബിഷന് 9.39 കോടിയും ദീപാലങ്കാരത്തിന് 2.97 കോടിയും സാംസ്‌കാരിക പരിപാടികൾക്ക് 3.14 കോടിയും മറ്റ് ആഘോഷ കമ്മിറ്റികൾക്കായി 7.77 കോടി എന്നിങ്ങനെ ആകെ 27.12 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ബസ് വിവരങ്ങൾ ഇനി മുതൽ ഗൂഗിൾ മാപ്പിലും: കെഎസ്ആർടിസിയുടെ ദീർഘദൂര ബസ് വിവരങ്ങൾ ഇനിമുതൽ ഗൂഗിൾ മാപ്പിലൂടെ അറിയാൻ കഴിയും. ഇതിനായി ഗൂഗിൾ ട്രാൻസിസ്‌റ്റ് സംവിധാനം ഉപയോഗപ്പെടുത്തിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ 1200 സൂപ്പർ ക്ലാസ് ബസുകളിൽ പകുതിയോളം ബസുകളുടെയും ഷെഡ്യൂൾ ഗൂഗിൾ ട്രാൻസിസ്‌റ്റിലേക്ക് മാറ്റിയിച്ചുണ്ട് (KSRTC Bus Route And Timing In Google Map).
ആദ്യഘട്ടത്തിൽ തമ്പാനൂർ സെൻട്രൽ ഡിപ്പോയിലുളള ദീർഘദൂര ബസുകളാണ് ഗൂഗിൾ ട്രാൻസിസ്‌റ്റിലേക്ക് മാറ്റിയത്. ഇതോടെ യാത്രക്കാർക്ക് ഗൂഗിൾ മാപ്പ് നോക്കി ബസുകളുടെ സമയക്രമവും വരവും പോക്കും അറിയാനാകുമെന്നതാണ് പ്രത്യേകത.