തിരുവനന്തപുരം : ലോക കേരള സഭ പോലെ കേരളീയവും ഇനി കൃത്യമായ ഇടവേളകളില്‍ സ്ഥിരമായി ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെ സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിളംബരം ചെയ്യുന്ന കേരളീയം ഒന്നാം എഡിഷന് തുടക്കായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ തിങ്ങി നിറഞ്ഞ നൂറുകണക്കിന് ജനങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കേരളീയത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന എന്നീ സിനിമ താരങ്ങളും വ്യവസായ പ്രമുഖരും വിദേശ നയതന്ത്ര പ്രതിനിധികളും ചേര്‍ന്ന് കേരളീയം ചടങ്ങിന് തിരി തെളിച്ചു.
2016 മുതല്‍ അധികാരത്തിലുള്ള പിണറായി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പായി കേരളീയം എന്ന വന്‍ പ്രചാരണ പരിപാടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. തിരുവനന്തപുരത്തെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന തരത്തില്‍ എല്ലാ വര്‍ഷവും ഇനി മുതല്‍ കേരളീയം നവംബര്‍ 1 മുതല്‍ ഒരാഴ്‌ചക്കാലം ആഘോഷിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളം വികസന, സാമൂഹിക, സാംസ്‌കാരിക രംഗത്ത് പുതിയ ചുവടുറപ്പിക്കുകയാണ്. എല്ലാ വര്‍ഷവും ഇനി മുതല്‍ പ്രത്യേക ആഘോഷമായി കേരള പിറവി ദിനം മുതല്‍ കേരളീയം ഉണ്ടാകും. സാംസ്‌കാരിക, സാമൂഹിക, നവോഥാന രഗങ്ങളില്‍ കേരളത്തിന് തനതായ വ്യക്തിത്വമുണ്ട്. നിര്‍ഭാഗ്യ വശാല്‍ ഇക്കാര്യം നാം തിരിച്ചറിയുന്നില്ല.
ഈ സ്ഥിതി മാറേണ്ടതുണ്ട്. ഇന്ത്യയില്‍ എല്ലാ രംഗങ്ങളിലും വേറിട്ടു നില്‍ക്കുന്ന കേരളത്തെ കുറിച്ചുള്ള അഭിമാന ബോധം പുതിയ തലമുറയ്‌ക്ക് പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയണം. പല രംഗങ്ങളിലും അപ്രാപ്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അപാരമായ ശേഷി നമുക്കുണ്ട്.
ഏതു മേഖല എടുത്തു നോക്കിയാലും എത്ര വലിയ സാധ്യതകളാണ് നമുക്ക് മുന്നിലുള്ളത്. ഏതെല്ലാം രംഗങ്ങളില്‍ എന്തെല്ലാം മാതൃകകളാണ് നമുക്കുള്ളത്. ഈ മാതൃകകളെ ലോക സമക്ഷം അവതരിപ്പിക്കുകയാണ് കേരളീയത്തിന്‍റെ ലക്ഷ്യം. കേരളത്തെ ലോക സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിലൂടെ കേരളം ലോകമാകെ ശ്രദ്ധിക്കപ്പെടും.
ലോകം ശ്രദ്ധിക്കുന്നതിലൂടെ എല്ലാ രംഗങ്ങളിലും കേരളത്തിന് പുരോഗതി കൈവരിക്കാനാകും. ലോകത്തെ ആകെ ആകര്‍ഷിക്കുന്ന എഡിന്‍ബെറ ഫെസ്റ്റ്, വെനീസ് ബിനാലെ എന്നിവയുടെ നിലവാരത്തിലേക്ക് കേരളീയത്തെ മാറ്റിയെടുക്കുത്തതിലൂടെ തലസ്ഥാന നഗരം ലോകത്തെ സുപ്രധാന നഗരങ്ങളിലൊന്നായി മാറും. ലോക ബ്രാന്‍ഡാക്കി കേരളീയത്തെ മാറ്റിയെടുക്കും. വിശ്വ സംസ്‌കാരത്തിന്‍റെ മിനിയേച്ചര്‍ മാതൃക ഇവിടെയുണ്ടെന്ന് വിളിച്ചു പറയാന്‍ നമുക്ക് കഴിയണം.
അരനൂറ്റാണ്ട് കാലം കൊണ്ട് ഒരു നൂറ്റാണ്ടിന്‍റെ ദൂരം നാം ഓടിത്തീര്‍ത്തു. ഇതൊക്കെ നമുക്ക് ദേശീയ തലത്തില്‍ അവതരിപ്പിക്കേണ്ടതുണ്ട്. കേരളീയത്തിന് ശേഷവും മുന്‍പും ഉള്ള കേരളം എന്നായിരിക്കും കേരള ചരിത്രം ഇനി അറിയപ്പെടാന്‍ പോകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ രാജന്‍ ചടങ്ങിൽ അധ്യക്ഷനായിരുന്നു. മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങള്‍, പ്രവാസി വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള, എഴുത്തുകാരന്‍ ടി പത്‌മനാഭന്‍, കവിയും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി, വിദേശ നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.