തിരുവനന്തപുരം: കേരള സംസ്ഥാനം രൂപീകൃതമായതിന്‍റെ ഓര്‍മ പുതുക്കി മലയാളികള്‍ ഇന്ന് കേരളപ്പിറവി ആഘോഷിക്കുന്നു. മലയാള ഭാഷക്കിന്ന് 63 വയസ് പൂര്‍ത്തിയായി. സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടികള്‍ കൂടാതെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലും കേരളപ്പിറവി ആഘോഷങ്ങള്‍ നടക്കും. രാഷ്ട്രീയം, കല, സാംസ്കാരികം ,വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മതൃകയാണ് ദൈവത്തിന്‍റെ സ്വന്തം നാട്. നിപ രോഗ നിയന്ത്രണത്തിലൂടെ ആരോഗ്യ രംഗത്ത് കേരളം വീണ്ടും കരുത്തു കാട്ടിയ വര്‍ഷമാണ് കടന്നു പോകുന്നത്. പ്രളയകാല അതിജീവനത്തിലൂടെ ഒത്തൊരുമയിലും മാനുഷിക സ്നേഹത്തിലും ലേകത്തിന് തന്നെ മാതൃകയാകാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. നിരന്തരമായുണ്ടാകുന്ന പ്രളയങ്ങളും പ്രകൃതി ക്ഷോഭങ്ങളും സംസ്ഥാനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
കേരളം എന്ന പേര് ലഭിച്ചതിനു പിന്നിൽ ഐതീഹ്യങ്ങലും മിത്തുകളും ഒരുപാടുണ്ട്. പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതീഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറിയെന്നും പറയപ്പെടുന്നു.
1956 നവംബർ ഒന്നിന് പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വരുന്നത്. 1953ൽ രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ 1955ൽ സമർപ്പിച്ച റിപ്പോർട്ടിൽ കേരളത്തെ സംസ്ഥാനമാക്കി മാറ്റണമെന്ന് ശുപാർശ ചെയ്തു. ആദ്യമായി സംസ്ഥാനം രൂപീകരിച്ചപ്പോൾ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി നടന്ന പോരാട്ടങ്ങളുടെ വിജയം കൂടിയായിരുന്നു കേരള സംസ്ഥാന രൂപീകരണം.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഇതേത്തുടർന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു. പക്ഷേ മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. ഇതുകൂടി കൂട്ടിച്ചേര്‍ത്താണ് കേരള സംസ്ഥാനം രൂപീകരിക്കുന്നത്. 1957 ഫെബ്രുവരി 28നാണ് കേരളത്തിൽ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിലൂടെ ഇ.എം.എസിന്റെ നേതൃത്വത്തിൽ ജനാധിപത്യ സർക്കാർ നിലവിൽ വന്നത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പല കാര്യങ്ങളിലും കേരളം വളരെ മുന്നിലാണെന്നത് ഓരോ മലയാളിക്കും അഭിമാനമേകുന്നതാണ്. ലോകത്തെവിടെയുള്ള മലയാളികളും കേരള പിറവി ദിനം ആഘോഷിക്കാറുണ്ട്. നവംബര്‍ ഒന്ന് മലയാള ഭാഷാ ദിനമായും ഒന്നു മുതല്‍ ഏഴ് വരെ ഭരണഭാഷ വാരമായും ആഘോഷിക്കുന്നുണ്ട്.