തിരുവനന്തപുരം: നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സമർപ്പിച്ച 251പേജ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിദേശകാര്യ മന്ത്രാലയം യുഎഇ എംബസിക്ക് നോട്ടീസ് കൈമാറി. കോൺസുലേറ്റുമായി ബന്ധപ്പെട്ട രണ്ട് യുഎഇ പൗരന്മാരെ ഉൾപ്പെടുത്തിയാണ് വിദേശകാര്യ മന്ത്രാലയം നോട്ടീസ് നൽകിയിരിക്കുന്നത്. ഇവരെ പ്രതികളാക്കി കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള കസ്റ്റംസിന്‍റെ നീക്കത്തിന്‍റെ ഭാഗമാണിത്.
സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷ് മുഖേന കോൺസൽ ജനറൽ സംഘടിപ്പിച്ച യോഗങ്ങളിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു. യുഎഇ കോൺസുലേറ്റുമായി ചില മന്ത്രിമാർ നിയമവിരുദ്ധമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും കസ്റ്റംസിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
Read More: സ്വര്‍ണക്കടത്ത് കേസ്: യുഎഇ കോൺസൽ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് അയച്ചു
നോട്ടീസ് അയച്ച് കസ്റ്റംസ്
യുഎഇ കോൺസൽ ജനറല്‍ ആയിരുന്ന ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖമീസ് അലി എന്നിവർക്കെതിരെയാണ് വിദേശകാര്യമന്ത്രാലയം വഴി നോട്ടീസ് അയച്ചത്. നയതന്ത്ര സ്വർണക്കടത്തിൽ ഇരുവരുടെയും പങ്ക് കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സ്വർണം പിടിച്ചതിന് പിന്നാലെ ഇരുവരും ഗൾഫിലേക്ക് കടന്നിരുന്നു.
കോൺസൽ ജനറലിന്‍റെ പേരിൽ വന്ന നയതന്ത്ര ബാഗേജിൽ നിന്നായിരുന്നു കസ്റ്റംസ് പതിനാലര കോടിയുടെ സ്വർണം പിടിച്ചെടുത്തത്. ബാഗ് തുറക്കുന്നത് തടയാൻ അറ്റാഷെയും കോൺസുൽ ജനറലും കസ്റ്റംസിന്‍റെ മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതിയോടെ തുറന്ന് പരിശോധിച്ച് സ്വർണം പിടിച്ചെടുക്കുകയായിരുന്നു. സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവർ പ്രധാന പ്രതികളായ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന്‍റെ മുന്നോടിയായാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.