തിരുവനന്തപുരം: ഇന്ത്യയിലാകെ അതിതീവ്രമായി വ്യാപിക്കുകയും ദുരിതം വിതക്കുകയും ചെയ്ത കൊവിഡ് രണ്ടാം തരംഗം അവസാനഘട്ടത്തിലാണ്. രാജ്യത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ എത്തുകയും മരണനിരക്ക് ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം 40,000ൽ താഴെയെത്തി.
എന്നാൽ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും കടുത്ത ആശങ്ക നിലനിൽക്കുകയാണ്. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ആശങ്ക കൊവിഡ് ആശങ്ക ഒഴിയുന്നില്ലെന്ന് കേന്ദ്ര സർക്കാർ.
ആശങ്കയേറ്റി ടിപിആർ
കേരളത്തിൽ രോഗവ്യാപനത്തിൻ്റെ തീവ്രത മാത്രമാണ് കുറഞ്ഞത്. ടിപിആർ കഴിഞ്ഞ ദിവസം പത്തിൽ താഴെയെത്തിയെങ്കിലും കാര്യമായ കുറവ് ഉണ്ടായിട്ടില്ല. 9.44 ശതമാനമാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി 10.37 ശതമാനവും.
ദേശീയ ശരാശരിയുടെ നാല് മടങ്ങോളമാണ് സംസ്ഥാനത്തെ ടിപിആർ. മരണസംഖ്യയും നൂറിനു മുകളിൽ ആണ്. കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതോടെ ലോക്ക്ഡൈൺ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ലോക്ക്ഡൗൺ ഫലം കണ്ട് തുടങ്ങിയതോടെ നിയന്ത്രണങ്ങളിലും ഇളവുകൾ നൽകി. എന്നാൽ ഇളവുകൾ നൽകൽ രോഗ വ്യാപനം വീണ്ടും വർധിപ്പിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.
Read More: മുഖ്യമന്ത്രിയുടെ കൊവിഡ് അവലോകന യോഗം ഇന്ന്;ഇളവുകള്‍ക്ക് സാധ്യതയില്ല
3,70,378 പേരാണ് ജൂൺ മാസം മാത്രം രോഗബാധിതരായത്. 4174 കൊവിഡ് മരണവും കഴിഞ്ഞ 28 ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. അതീവ തീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം കൂടി സംസ്ഥാനത്ത് കണ്ടെത്തിയത് ആശങ്ക വർധിപ്പിക്കുന്നു.
അതീവ ജാഗ്രത നിർദ്ദേശം നൽകി കേന്ദ്രം
ഇതിനെ തുടർന്നാണ് അതീവ ജാഗ്രത നിർദ്ദേശം കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാനം ആലോചന തുടങ്ങി. രണ്ടാം തരംഗത്തിൻ്റെ അവസാനത്തിൽ രോഗികളുടെ എണ്ണം കുറയാതിരിക്കുകയും ഇതോടൊപ്പം മൂന്നാം തരംഗമെന്ന ഭീഷണിയുണ്ടാവുകയും ചെയ്താൽ നമ്മുടെ ചികിത്സ സംവിധാനത്തിന് താങ്ങാവുന്നതിലധികം രോഗികൾ വന്നേക്കാം. അതോടൊപ്പം തന്നെ മരണ നിരക്ക് വർധിക്കാനും സാധ്യതയുണ്ട്.