തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന പത്ര, പാല്‍വിതരണക്കാര്‍ ഉള്‍പ്പെടെയുള്ള സാധാരണ തൊഴിലാളികള്‍ക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കാന്‍ വായ്‌പാ പദ്ധതി. 15-ാം നിയമസഭയുടെ ആദ്യ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.
ഇതിനായി 200 കോടി രൂപയുടെ പദ്ധതി ധനമന്ത്രി കെഎൻ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇരു ചക്ര വാഹനങ്ങള്‍ക്കൊപ്പം ഇലക്‌ട്രിക് ഓട്ടോയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള വായ്‌പാ സ്‌കീമിലൂടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. 2020-21 സാമ്പത്തി വര്‍ഷത്തില്‍ 10,000 ഇരുചക്ര വാഹനങ്ങളും 500 ഓട്ടോയുമാണ് വാങ്ങാനായി ഇത്തരത്തില്‍ 200 കോടിയുടെ വായ്‌പയാണ് വിഭാവനം ചെയ്യുന്നത്. പലിശയുടെ ഒരുഭാഗം സര്‍ക്കാര്‍ വഹിക്കും. പലിശ ഇളവ് നല്‍കാനായി 15 കോടി വകയിരുത്തുമെന്നും മന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു.
ചെറുകിട വ്യാപാരികളെയും ഹോം ഡെലിവറി നടത്തുന്നവരെയും ഉദ്ദേശിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇന്ധന ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ വാഹന സംസ്‌കാരം പ്രോത്‌സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം.
ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച് ബജറ്റ്.