തിരുവനന്തപുരം: ചെലവു ചുരുക്കലിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന മുന്നറിയിപ്പ് നൽകി ധനമന്ത്രി കെ എൻ. ബാലഗോപാൽ. ജനങ്ങൾക്ക് അനാവശ്യമായി ബുദ്ധിമുട്ട് ഉണ്ടാക്കില്ല. ഇക്കാര്യങ്ങൾ വിശദമായി ആലോചിച്ചു തീരുമാനം എടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നികുതി ഏർപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ പല സ്ഥാപനങ്ങളും അടഞ്ഞു കിടക്കുമ്പോൾ അവർക്ക് നികുതിയടയ്ക്കാൻ കഴിയില്ലെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് നിലവിൽ മുൻതൂക്കം നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു.
കാർഷികം, ടൂറിസം, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ ഉണ്ടാകും. പരമാവധി ആളുകൾക്ക് വാക്സിൻ നൽകാനാണ് മുൻഗണന. ഇതിലൂടെ സാമ്പത്തിക മേഖല സജീവമാകും. മുൻ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളും നിർദേശങ്ങളും മാറ്റിയിട്ടില്ല. കൊവിഡ് പ്രതിരോധത്തിനും സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ തീരുമാനങ്ങൾ ഉൾക്കൊള്ളിക്കുകയാണ് ചെയ്തത്. ഉപജീവനം പ്രതിസന്ധിയിലായവർക്ക് വിവിധ പദ്ധതി നിർവഹണം വഴി 8900 രൂപ നൽകുകയാണ് ചെയ്യുക എന്നും ധനമന്ത്രി അറിയിച്ചു.