തിരുവനന്തപുരം : സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ സമ്പൂർണ വനിത സൗഹൃദമാക്കുന്നതിനായി സ്‌ത്രീ സൗഹൃദ ടൂറിസം മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങി ടൂറിസം വകുപ്പ്. വനിത യാത്രക്കാർക്ക് കൂടുതൽ സുഖകരവും തടസരഹിതവുമായ വിനോദ യാത്രകൾക്കായി സ്‌ത്രീ സൗഹൃദ ടൂറിസം പാക്കേജുകൾ, വനിത ടൂറിസ്റ്റ് ഓപ്പറേറ്റർമാർ, ഗൈഡുകൾ, സ്‌ത്രീകൾക്ക് അനുയോജ്യമായ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് മൊബൈൽ ആപ്ലിക്കേഷൻ നിർമിക്കുന്നത്.
സ്‌ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി നോഡൽ ഏജൻസിയായ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് (RT Mission) മൊബൈൽ ആപ്പ് തയ്യാറാക്കുന്നതിനുള്ള ചുമതല. സംസ്ഥാനത്ത് വനിത ടൂറിസ്റ്റുകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നത് സർക്കാരിന്‍റെ നയപരമായ മുൻഗണനയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രസ്‌താവനയിൽ അറിയിച്ചു.
'സ്‌ത്രീകൾ വ്യക്തിഗതമായോ ഗ്രൂപ്പുകളായോ ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒരു ട്രെൻഡായി മാറിയ ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. സ്‌ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ആപ്പ് വനിത യാത്രക്കാർക്ക് കേരള സന്ദർശനത്തെ കൂടുതൽ സുഖകരവും തടസ രഹിതവുമാക്കും' - മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വനിത സൗഹൃദ ടൂറിസം : വിനോദസഞ്ചാര മേഖലയിൽ സ്‌ത്രീകൾ പ്രധാന പങ്കുവഹിക്കുന്ന യുഎൻ വിമണിന്‍റെ 'ജെൻഡർ ഇൻക്ലൂസീവ് ടൂറിസം' ആശയത്തിന് അനുസൃതമായി കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് മുഹമ്മദ് റിയാസ് വനിത സൗഹൃദ ടൂറിസം പദ്ധതി എന്ന സംരംഭം ആരംഭിച്ചത്. ഈ സംരംഭത്തിന് പുറമെ ടൂറിസം വകുപ്പ് സ്‌ത്രീ സൗഹൃദ ടൂറിസം ഉത്പന്നങ്ങളും പാക്കേജുകളും പുറത്തിറക്കുന്നുണ്ട്.
സംസ്ഥാനത്ത് നിന്നുള്ള 1.5 ലക്ഷം സ്‌ത്രീകളുടെ പങ്കാളിത്തം ലക്ഷ്യമിട്ട് യുഎൻ വിമൻ ഉൾപ്പടെയുള്ള വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിനോദസഞ്ചാര മേഖലയിൽ 10,000 വനിത സംരംഭങ്ങളും 30,000 തൊഴിലവസരങ്ങളും സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് മൊബൈൽ ആപ്പ് നിർമിക്കുന്നത്.
ആപ്പിൽ ഇവയൊക്കെ ലഭ്യം : കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് പുറമെ, സ്ത്രീ സൗഹൃദ ടൂറിസം ഉത്പന്നങ്ങള്‍, പാക്കേജുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, വനിത സംരംഭങ്ങൾ, അംഗീകൃത ടൂർ ഓപ്പറേറ്റർമാർ, വനിത ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, ഹോംസ്റ്റേകൾ, വനിത ടൂർ ഗൈഡുകൾ എന്നിവയുടെ വിശദാംശങ്ങളും ആപ്പിൽ ഉണ്ടാകുമെന്നും ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൂടാതെ സ്‌ത്രീകളുടെ നേതൃത്വത്തിലുള്ള കരകൗശല, സുവനീർ നിർമാണ വിൽപ്പന യൂണിറ്റുകൾ, വിശ്രമമുറികൾ, ക്യാമ്പിക് സൈറ്റുകൾ, ലൈസൻസുള്ള ഹൗസ് ബോട്ടുകൾ, കാരവാൻ പാർക്കുകൾ, വിവിധ സ്ഥലങ്ങളിലെ നാടൻ പാചക യൂണിറ്റുകൾ, ഉത്സവങ്ങൾ, സാഹസിക പാക്കേജുകൾ തുടങ്ങിയവയുടെ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തും.
അതേസമയം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സ്‌ത്രീകളുടെ സുരക്ഷയെക്കുറിച്ച് പഠിക്കുന്നതിനും, ആപ്പില്‍ ഉൾപ്പെടുത്തുന്ന കാര്യങ്ങൾ കണ്ടെത്തുന്നതിനും ആർടി മിഷൻ വിപുലമായ വിവരശേഖരണ സർവേയും ആരംഭിച്ചിട്ടുണ്ട്. സ്‌ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന നോഡൽ ഏജൻസിയാണ് ആർടി മിഷൻ. ഇതിന് കീഴിൽ ഏകദേശം 1800 സ്‌ത്രീകൾ ഇതിനകം വിവിധ മേഖലകളിൽ പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു.