തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ (24.7.23) ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 25ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 26ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വിദർഭക്കും ഛത്തീസ്‌ഗഡിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് കിഴക്കൻ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന് പുറമെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
also read : ആറന്മുള ജലോത്സവം; 'പത്തനംതിട്ട-ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണം': മന്ത്രി വീണ ജോര്‍ജ്
മത്സ്യബന്ധനത്തിന് പോകുന്നതിൽ നിയന്ത്രണം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി ഒഡിഷ - ആന്ധ്രാപ്രദേശ് തീരത്തിന് സമീപം നാളെ പുതിയൊരു ന്യുനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ജൂലൈ 27വരെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും അധികൃതർ അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് നഷ്‌ടപരിഹാരം: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് സർക്കാർ വിലക്കിയതിനാൽ കടലിൽ മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്തവർക്ക് നഷ്‌ടപരിഹാരത്തുക നൽകുമെന്ന് മന്ത്രി ആന്‍റണി രാജു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം മത്സ്യത്തൊഴിലാളികൾ സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതാണ് അപകടങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.