തിരുവനന്തപുരം: പാചകവാതക വില ഗണ്യമായി ഉയർന്നതിന് പിന്നാലെ പച്ചക്കറി വില വർധനവിലും പൊറുതിമുട്ടുകയാണ് ജനങ്ങൾ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പച്ചക്കറി വില കുതിച്ചുയരുകയാണ്. തക്കാളി, പയർ, പാവയ്ക്ക, ചീര, വെണ്ടക്ക, കാബേജ്, കത്തിരിക്ക, ബീറ്റ്‌റൂട്ട്, കോളിഫ്ലവർ എന്നിവയുടെ വില ഒരാഴ്‌ചകൊണ്ട് ഇരട്ടിയോളം വർധിച്ചു.
നൂറുകടന്ന് തക്കാളി: തക്കാളി വില നൂറും കടന്ന് കുതിക്കുകയാണ്. ഒരു മാസം മുമ്പ് ഒരു കിലോ തക്കാളിക്ക് 30 രൂപയായിരുന്നത്, നാലിരട്ടി വർധിച്ച് 120 രൂപയായി ഉയർന്നു. കഴിഞ്ഞ ആഴ്‌ച തക്കാളി വില 70- 80 രൂപയായിരുന്നു.
ഇനം | തക്കാളി | പയർ | പാവയ്ക്ക | ചീര | വെണ്ടക്ക | കാബേജ് | ബീറ്റ്‌റൂട്ട് | കോളിഫ്ലവർ |
പുതിയ വില | 120 | 100 | 90 | 40 | 40 | 40 | 50 | 40 |
പഴയ വില | 30 | 80 | 65 | 25 | 20 | 20 | 40 | 30 |
അതേസമയം വഴുതന, വെള്ളരി, ബീൻസ്, കാരറ്റ്, പച്ചമുളക് എന്നിവയുടെ വില കുറഞ്ഞു.
ഇനം | വഴുതന | വെള്ളരി | ബീൻസ് | കാരറ്റ് |
പുതിയ വില | 55 | 20 | 70 | 40 |
പഴയ വില | 80 | 35 | 90 | 60 |
മഴ തിരിച്ചടി: തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറി ഇറക്കുമതി ചെയ്യുന്നത്. ഈ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയും, കനത്ത മഴയുമാണ് വില കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. പച്ചക്കറി വിലക്കയറ്റം ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.