തിരുവനന്തപുരം: 'അതിജീവനത്തിന്‍റെ പ്രതിരോധം കലയിലൂടെ' എന്ന മുദ്രാവാക്യമുയർത്തി കേരള സർവകലാശാല യുവജനോത്സവത്തിന് തിരിതെളിഞ്ഞു. 'പലായനം' എന്ന് പേരിട്ടിരിക്കുന്ന യുവജനോത്സവത്തിന്‍റെ ഉദ്ഘാടനം മന്ത്രി കെടി ജലീൽ നിർവഹിച്ചു. ക്യാമ്പസുകളിലെ രാഷ്ട്രീയത്തിൽ കുറ്റമറ്റ രീതിയിലുള്ള നിയമം നടപ്പാക്കുന്നതിൽ സർക്കാർ ആലോചിക്കുമ്പോഴാണ് ഹൈക്കോടതി വിധി വന്നതെന്നും അതിനെതിരെ സർക്കാർ അപ്പീൽ പോകുമെന്നും യുവജനോത്സവം കെടി ജലീൽ പറഞ്ഞു. വിദ്യാർഥികൾ കൊളുത്തിയ സമരജ്വാലയാണ് പിന്നീട് രാജ്യത്ത് വലിയ രീതിയിലുള്ള സമരമായി മാറിയത്. അത് വേണ്ടെന്നാണ് ചില കേന്ദ്രങ്ങൾ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സർവകലാശാലയുടെ കീഴിലുള്ള 256 കോളജുകളിൽ നിന്നായി 102 ഇനങ്ങളിലായി അയ്യായിരത്തിലധികം വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. കാര്യവട്ടം ഗവ കോളജ്, ചെമ്പഴന്തി എസ്എൻ കോളജ്, കാര്യവട്ടം ഗവ.ബിഎഡ് കോളജ് എന്നിവിടങ്ങളിയായി ഒൻപത് വേദികളിലായി ശനിയാഴ്ച വരെയാണ് മത്സരങ്ങൾ. മതപരമായ വിവേചനങ്ങൾക്കെതിരെയുള്ള പ്രതീകങ്ങളായാണ് മത്സരവേദികൾക്ക് പേര് നൽകിയിരിക്കുന്നത്. ഷെഹീൻബാദ്, അലൻ കുർദി, രോഹിങ്ക്യൻ, ആർട്ടിക്കിൾ 14 എന്നിങ്ങനെയാണ് വേദികളുടെ പേരുകൾ. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ റിയാസ് എ ആർ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ റിയാസ് വഹാബ് സ്വാഗതം പറഞ്ഞു. യൂണിവേഴ്സിറ്റി പ്രോ.വിസി അജയകുമാർ, സിൻഡിക്കേറ്റ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.