തിരുവനന്തപുരം : ഡി ലിറ്റ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേരള സർവകലാശാലയുടെ അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന തന്‍റെ ശുപാർശ കേരള സർവകലാശാല വൈസ് ചാൻസലർ തള്ളിയെന്ന ഗവർണറുടെ വെളിപ്പെടുത്തൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 13 സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒഴിയുന്നതിലേക്ക് വരെ വിവാദം എത്തി.
ഇക്കാര്യങ്ങൾ യോഗം വിശദമായി ചർച്ച ചെയ്യും. സിൻഡിക്കേറ്റ് യോഗം വിളിക്കാതെയാണ് വി.സി മഹാദേവൻപിള്ള ഗവർണറുടെ ശുപാർശ തള്ളിയത് എന്നത് വിവാദമായിരുന്നു. യോഗത്തിൽ വിസി വിശദീകരണം നടത്തും. സിൻഡിക്കേറ്റ് യോഗത്തിൽ എന്ത് തീരുമാനമുണ്ടാകുമെന്നത് നിർണായകമാണ്.
തൻ്റെ ശുപാർശയെ നിരാകരിച്ച് വി.സി നൽകിയ കത്തിനെ അതിരൂക്ഷമായി ഗവർണര്‍ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണര്‍ നല്‍കിയ കത്ത് സമ്മര്‍ദം കൊണ്ട് എഴുതിയതാണെന്ന് സമ്മതിച്ച് കേരള വി.സി പ്രസ്താവനയും ഇറക്കി. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് കേരള വി.സി വി പി മഹാദേവൻ പിള്ള പ്രസ്താവനയിൽ വ്യക്തമാക്കിയത്.
ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാൻ പരമാവധി ശ്രമിക്കുമെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജീവിതത്തിന്‍റെ ഗ്രാമറും സ്പെല്ലിങ്ങും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണെന്നും വിസി വ്യക്തമാക്കിയിരുന്നു.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ശുപാർശ തള്ളിയെന്ന് ഗവർണര്‍ പരസ്യമായി വിമർശനമുന്നയിച്ചിരുന്നു. പുറത്തുനിന്നുള്ള നിർദേശം കൊണ്ടാണ് സിൻഡിക്കേറ്റ് യോഗം വിളിക്കാതെ ശുപാർശ തള്ളേണ്ടിവന്നതെന്നാണ് കേരള വിസി അറിയിച്ചത്, ശുപാർശ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിനെ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാനായില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.
ചാൻസലറുടെ ശുപാർശ ധിക്കരിച്ച് എഴുതിയ കത്തിലെ ഭാഷ അത്യന്തം ലജ്ജാകരമെന്ന് പറഞ്ഞ് കേരള വിസിക്കെതിരെ ഗവർണർ തുറന്നടിക്കുകയും ചെയ്‌തു. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ സിൻഡിക്കേറ്റ് ചർച്ച ചെയ്യും. ഗവർണറുടെ രൂക്ഷ വിമർശനത്തിൽ അത്തരത്തിലുള്ള മറുപടി തന്നെ വേണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾക്കിടയിൽ അഭിപ്രായമുണ്ട്.