തിരുവനന്തപുരം : നാക് (NAAC)എ++ അക്രഡിറ്റേഷൻ നേടിയതോടെ പുതിയ പാഠ്യ പദ്ധതിയുമായി കേരള സർവകലാശാല. ഒൻപത് വിജ്ഞാന മേഖലകളിൽ ഡിപ്പാർട്ട്മെൻ്റുകളും കോഴ്‌സുകളും തുടങ്ങാനാണ് ആലോചനയെന്ന് പ്രോ വൈസ് ചാൻസലർ ഡോ. പി.പി അജയകുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. എ++ നേട്ടത്തിന്‍റെ പ്രയോജനം പൂർണമായും ലഭിക്കുക വിദ്യാർഥികൾക്കാണ്.
മറ്റ് സർവകലാശാലകളിൽ ഗവേഷണത്തിനോ ഉപരിപഠനത്തിനോ സമീപിക്കുമ്പോൾ കേരള സർവകലാശാലയുടെ സർട്ടിഫിക്കറ്റിന് കൂടുതൽ മൂല്യവും മുൻഗണനയും ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിസൈൻ എന്നിവയടക്കം വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ നല്‍കുന്ന പുതിയ വിജ്ഞാനമേഖലകളെ വ്യവസായങ്ങളുമായി നേരിട്ടുബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നത്. വ്യവസായങ്ങൾ ഉദ്യോഗാർഥികളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്ന നില ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മികവിന്‍റെ കേന്ദ്രമെന്ന നിലയിൽ കേരള സർവകലാശാലയുടെ പുതിയ പദ്ധതികൾക്ക് യുജിസി ധനസഹായം നൽകും. അടുത്ത അഞ്ച് വർഷത്തിനിടെ സർവകലാശാല സമർപ്പിക്കുന്ന പദ്ധതികൾക്ക് 800 കോടി രൂപ വരെ ധനസഹായം ലഭിക്കും. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമാണ് വരുത്തുക.
കേരള സർവകലാശാലയുടെ കീഴിൽ വരുന്ന കോഴ്‌സുകളുടെ സിലബസ് ഈ വർഷം തന്നെ പരിഷ്‌കരിക്കും. അടുത്ത വർഷം മുതൽ പുതിയ സിലബസിലാണ് വിദ്യാർഥികൾ പഠിക്കുക. മാറുന്ന കാലഘട്ടത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് സിലബസ് പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് വിദഗ്‌ധരുമായി കൂടിയാലോചനകൾ നടക്കുന്നുണ്ട്.
85 വർഷം പഴക്കമുള്ള സർവകലാശാലയില്‍ അടിസ്ഥാനസൗകര്യങ്ങൾ കുറവായിരുന്നു. പിന്നീട് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. മറ്റ് സർവകലാശാലകളിലെ ഗവേഷണ വിദ്യാർഥികൾക്ക് കൂടി ഉപയോഗിക്കാവുന്ന ആധുനിക ഉപകരണങ്ങൾ അടങ്ങിയ കേന്ദ്രീകൃത ലബോറട്ടറി, സർവകലാശാല ക്യാമ്പസുകളിൽ ഹരിതാലയം എന്ന പേരിൽ ആരംഭിച്ച തരിശിടങ്ങളിലെ കൃഷി, വനവത്കരണ പ്രവൃത്തികള്‍, മെച്ചപ്പെട്ട അക്കാദമിക നിലവാരം തുടങ്ങിയവ നാക് എ++ അക്രെഡിറ്റേഷൻ നേടാൻ കേരള സർവകലാശാലയെ സഹായിച്ചതായി ഡോ. പി.പി അജയകുമാർ പറഞ്ഞു.
കൊവിഡ് കാലത്തും പരീക്ഷകൾ കൃത്യമായി നടത്താനും ഏറ്റവും വേഗത്തിൽ ഫലം പ്രഖ്യാപിക്കാനും കഴിഞ്ഞതും ഗുണമായി. കഴിഞ്ഞ രണ്ടുവർഷത്തിനിടെ വിവിധ വകുപ്പുകളിലായി 79 അധ്യാപകരെ പുതുതായി നിയമിച്ചു. പരിചയ സമ്പന്നരുടെയും യുവ പ്രതിഭകളുടെയും സംഘമാണ് അധ്യാപകർ. ഇവരുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളിലൂടെ അക്രഡിറ്റേഷൻ നിലനിർത്താനാവുമെന്നാണ് സർവകലാശാല പ്രതീക്ഷിക്കുന്നതെന്നും പ്രോ വൈസ് ചാൻസലർ പറഞ്ഞു.