തിരുവനന്തപുരം: കേരള സർവകലാശാല മോഡറേഷൻ തിരിമറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലറെ വിളിച്ചുവരുത്തി. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് ഗവർണർ ആവശ്യപ്പെട്ടു. 12 പരീക്ഷകളിൽ ക്രമക്കേട് നടന്നെന്ന് സർവകലാശാലയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് ഗവർണർ വൈസ് ചാൻസലറെ വിളിപ്പിച്ചത്.
സർവകലാശാലയിലെ കമ്പ്യൂട്ടർ സെന്‍റർ ചുമതലയുള്ള ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട് വി.സി ഗവർണർക്ക് കൈമാറി. കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടിയും തുടരന്വേഷണ കാര്യങ്ങളും വിശദീകരിച്ചു. പരീക്ഷകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് ഗവർണർ നിർദേശം നൽകി. വിഷയത്തിൽ യൂണിവേഴ്സിറ്റി സ്വീകരിച്ച നടപടി ക്രമങ്ങൾ ഗവർണറെ ബോധ്യപ്പെടുത്തിയതായും യൂണിവേഴ്‌സിറ്റി വിദഗ്‌ധ സമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും വി.സി വി.പി മഹാദേവൻപിള്ള പറഞ്ഞു.
അതിനിടെ അവധി ദിവസമായ ഇന്നലെ സർവകലാശാലയുടെ കമ്പ്യൂട്ടർ സെന്‍റർ തുറന്നു പ്രവർത്തിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന സംശയവും ഉയർന്നു. പ്രോ വൈസ്ചാൻസലർ ഡോ.പി.പി അജയകുമാറിന്‍റെ നേതൃത്വത്തിൽ സാങ്കതിക വിദഗ്‌ധൻ അടങ്ങിയ മൂന്നംഗ അന്വേഷണ സമിതിയുടെ പരിശോധനക്ക് മുമ്പാണ് സെന്റർ തുറന്നത്. സെക്യൂരിറ്റി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പ്രോ വിസി ഇടപെട്ടാണ് ഉച്ചയോടെ കമ്പ്യൂട്ടർ സെൻറർ പൂട്ടിച്ചത്.
മോഡറേഷൻ കൂട്ടി നൽകിയെന്ന് തെളിഞ്ഞ ബി.സി.എ കോഴ്സിലെ ഇരുപതിലധികം വിദ്യാർഥികളുടെ പരീക്ഷാ രജിസ്ട്രേഷൻ കമ്പ്യൂട്ടറിൽ നിന്ന് നീക്കിയെന്നാണ് വിവരം. അതേസമയം മാർക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ തിങ്കളാഴ്ച നടക്കുന്ന അന്വേഷണ സമിതിയുടെ സിറ്റിങിൽ സമർപ്പിക്കാനാണ് ഇന്നലെ സെന്റർ തുറന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം.