തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തി. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡി.ആര്‍.ഐ സംഘം പരിശോധന നടത്തവെയാണ് മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തിയത്. സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറുടെ സീലോടു കൂടിയ ആറ് മാര്‍ക്ക് ലിസ്റ്റുകളാണ് കണ്ടെടുത്തത്. ഷീറ്റുകളില്‍ മാര്‍ക്കുകള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഡിജിപിക്കും ഡി.ആര്‍.ഐ കത്ത് നല്‍കും.
തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസുമയി ബന്ധപ്പെട്ടാണ് വിഷ്‌ണുവിന്‍റെ തിരുവനന്തപുരം തിരുമലയിലെ വീട്ടില്‍ ഡി.ആര്‍.ഐ പരിശോധന നടത്തിയത്. യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലെ പ്രതികളുടെ വീട്ടില്‍ റെയ്‌ഡ് നടക്കവെ അവിടെ നിന്നും സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകൾ കണ്ടെത്തിയത്.