തിരുവനന്തപുരം: മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിക്ക് ചട്ടങ്ങള്‍ മറികടന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ കോളജ് മാറ്റം നല്‍കിയതിന്‍റെ തെളിവുകൾ പുറത്ത്. ചേര്‍ത്തല എന്‍.എസ്.എസ് കോളജിലെ ബോട്ടണി വിഭാഗത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് മന്ത്രി ഇടപെട്ട് തിരുവനന്തപുരം ഗവൺമെന്‍റ് വിമണ്‍സ് കോളജിലേക്ക് മാറ്റം നല്‍കിയെന്നാണ് ആരോപണം. നിലവില്‍ വൈസ് ചാന്‍സിലര്‍മാര്‍ക്ക് മാത്രമാണ് കോളജ് മാറ്റാന്‍ അധികാരമുള്ളത്. ഇതു മറികടന്നാണ് മന്ത്രി ഇടപെട്ടത്.
സര്‍വകലാശാലയുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റമാണ് ഇതെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തി. വിമണ്‍സ് കോളജില്‍ പ്രവേശനത്തിന് ആവശ്യമായ മാര്‍ക്ക് കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. പ്രവേശനത്തിനുള്ള ഇന്‍ഡക്‌സ് മാര്‍ക്കായി 800ന് താഴെയാണ് മന്ത്രിയിടപെട്ട വിദ്യാര്‍ഥിക്കുള്ളത്. വിമണ്‍സ് കോളജിലെ അവസാന ഇന്‍ഡക്‌സ് മാര്‍ക്ക് 1200ന് മുകളിലായിരുന്നു. ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികളുണ്ടായരിക്കെയാണ് മന്ത്രിയുടെ ഉത്തരവ്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. കുട്ടിയുടെ കുടുംബത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാനുഷികമായാണ് തീരുമാനമെടുത്തത് എന്നായിരുന്നു കെ.ടി ജലീല്‍ പറഞ്ഞത്. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തിനു പുറകെ കോളജ് മാറ്റ വിവാദവും കൂടിയായതോടെ കെ.ടി ജലീലില്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.