തിരുവനന്തപുരം: ഇന്ത്യ -കാനഡ ബന്ധം വഷളാകുന്നത് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ടൂറിസം മേഖല. വര്‍ഷത്തില്‍ മുപ്പതിനായിരത്തോളം കനേഡിയന്‍ പൗരന്മാരാണ് സംസ്ഥാനത്ത് എത്തുന്നത്. ഒക്‌ടോബറില്‍ സംസ്ഥാനത്ത് ടൂറിസം സീസണ്‍ ആരംഭിക്കാനിരിക്കെ കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ വിസ നിഷേധിക്കുന്നത് വിനോദസഞ്ചാര മേഖലയെ ബാധിക്കാനാണ് സാധ്യത.
കേരളത്തിലേക്ക് എത്തുന്ന വിദേശ സഞ്ചാരികളുടെ പട്ടികയില്‍ ആദ്യ 15 സ്ഥാനങ്ങളില്‍ കാനഡയുമുണ്ട്. കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലേക്ക് വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആരംഭിച്ച കേരള ട്രാവല്‍ മാര്‍ട്ടിലും കഴിഞ്ഞ വര്‍ഷം കാനഡയില്‍ നിന്നുള്ള 31 ഏജന്‍സികള്‍ പങ്കെടുത്തിരുന്നു. കാനഡയില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന സഞ്ചാരികള്‍ ദിവസേന ഏകദേശം 200 ഡോളറോളം ചിലവാക്കുന്നതായി സംസ്ഥാന ടൂറിസം അഡ്‌വൈസറി ബോര്‍ഡ് അംഗം ഇഎം നജീബ് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിയത് 69,90,000 വിദേശ സഞ്ചാരികളായിരുന്നു. ഇതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ കേരളം സന്ദര്‍ശിച്ചതായാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന കനേഡിയന്‍ സഞ്ചാരികളില്‍ 3.5% ശതമാനം പേര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നതായി 2021 ലെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് പോകുന്നവര്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ നിയന്ത്രണം ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യയും കാനഡയും തമ്മില്‍ ശക്തമായ വ്യവസായിക ബന്ധവും നിലനില്‍ക്കുന്നുണ്ട്. അതു കൊണ്ട് തന്നെ നിലവിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കണക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇഎം നജീബ് വ്യക്തമാക്കുന്നു.
പ്രശ്‌നം ഗുരുതരമായത് ഇങ്ങനെ: 2023 ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സിഖ് സാംസ്‌കാരിക കേന്ദ്രത്തിന് പുറത്തുവെച്ചd ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവൻ ഹർദീപ് സിങ് നിജ്ജർ വെടിയേറ്റ് മരിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. 2020-ൽ ഇന്ത്യ മോസ്‌റ്റ് വാണ്ടഡ് ടെററിസ്‌റ്റ് (കൊടും ഭീകരൻ) ആയി ഹർദീപ് സിങ് നിജ്ജറിനെ പ്രഖ്യാപിച്ചിരുന്നു.
ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കനേഡിയൻ മണ്ണിൽ വച്ച് കൊലപ്പെടുത്തിയതിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഏജന്‍റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങളെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. അതേ തുടർന്ന് ഖാലിസ്ഥാൻ ഭീകരന്‍റെ കൊലപാതകം ഇന്ത്യയും കാനഡയും തമ്മിലുളള സംഘർഷം വഷളാക്കാൻ ഇടയാക്കി.